വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്…. ഹൈക്കോടതിയുടെ ഇടപെടൽ..

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രോസിക്യൂഷന് അനുമതിയില്‍ തീരുമാനം ഹൈക്കോടതി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച്. പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ നിലപാട് വ്യക്തമാക്കാനാകാത്തതും വകുപ്പുകളുടെ നിലപാടില്‍ വൈരുദ്ധ്യമുള്ളതുമാണ് കോടതിയുടെ തീരുമാനത്തിന് കാരണം.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് കേസുകളിലാണ് വെള്ളാപ്പള്ളി നടേശന് വിചാരണ നേരിടേണ്ടത്. ഇതിന്റെ അനുമതിയാണ് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ഇന്നറിയിക്കണമെന്നും അതില്‍ വീഴ്ച വന്നാല്‍ പിന്നോക്ക വികസന വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ രണ്ട് നിലപാടാണ് ഇന്ന് സ്വീകരിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം എന്ന് വെളിവാകുന്നതാണ് നിലപാട്.



