ശബരിമല സ്വർണക്കൊള്ളയുടെ കുറ്റപത്രം വൈകിയാൽ കയ്യുംകെട്ടി നോക്കിനിൽക്കില്ല….

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഇക്കാര്യം അഡ്വക്കേറ്റ് ജനറലുമായി സംസാരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

മുൻ ദേവസ്വം അധികൃതരടക്കം 15 പേരാണ് കേസിൽ പ്രതികൾ. ഇതിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ, ഇതുവരെ എസ്‌ഐടി പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എസ്‌ഐടി തലവൻ എസ്. ശശിധരൻ നേരിട്ട് ഹൈക്കോടതിയിൽ ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു. കട്ടിളപ്പാളി കേസിലെ അന്വേഷണം പൂർത്തിയായതായി എസ്‌ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ശാസ്ത്രീയ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എസ്‌ഐടി അന്വേഷണം ആരംഭിച്ചിട്ട് 11 മാസം പിന്നിട്ട സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും ചർച്ചയാകുന്നത്. സെപ്റ്റംബർ 22നുള്ള സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകുമോ എന്നതിലാണ് ഇനി നിർണായകമായ തീരുമാനം.

Related Articles

Back to top button