വൈദ്യുതി നിയന്ത്രണത്തിനിടെ സാമൂഹിക വിരുദ്ധരുടെ ഇടപെടൽ… രണ്ട് ട്രാൻസ്ഫോർമറുകളുടെ….

എറണാകുളം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ തൃപ്പൂണിത്തുറയിൽ സാമൂഹിക വിരുദ്ധരുടെ ഇടപെടൽ മൂലം വൈദ്യുതി തടസ്സപ്പെട്ടു. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാൻസ്ഫോർമറുകളിൽ നിന്നാണ് ഫ്യൂസ് ഊരിമാറ്റിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാതായതോടെ നാട്ടുകാർ കെഎസ്ഇബിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് ഊരിയതായി കണ്ടെത്തിയത്. വെള്ളക്കിനാവിലെ ട്രാൻസ്ഫോർമറിൽനിന്ന് ഊരിമാറ്റിയ ഫ്യൂസ് തോട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. മറ്റൊരു ട്രാൻസ്ഫോർമറിലെ ഫ്യൂസ് തകർത്ത നിലയിലും കണ്ടെത്തി. തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്യൂസ് പുനഃസ്ഥാപിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. സംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകി. പറവൂരിലും നേരത്തെ സമാന സംഭവം ഉണ്ടായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം അടൂർ നെടുംകുളഞ്ഞിയിലും സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയ സംഭവത്തിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിരുന്നു.



