ഡി.വൈ.എഫ്.ഐ മാർച്ചിൽ പൊലീസും പ്രവർത്തകരും സംഘർഷം… ആറ് പേർക്ക്….

വടകര: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ അക്രമിച്ച ലഹരിമാഫിയാ സംഘത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം. വടകര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡ് മറികടന്ന് സ്റ്റേഷൻ വളപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. നൂറിലേറെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ ബാരിക്കേഡ് എടുത്തുമാറ്റി സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ പൊലീസ് ലാത്തിവീശി. സ്റ്റേഷൻ മുറ്റത്തും പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് പരിക്കേറ്റ ബിജു എന്ന പോലീസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഏകദേശം ഒരുമണിക്കൂറോളം സ്റ്റേഷൻ മുറ്റത്തിരുന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് ഡിവൈ.എസ്.പി കെ.കെ. ബിജു ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നാണ് വിവരം. ലഹരിമാഫിയാ സംഘത്തിൽപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐ മാർച്ച്.



