മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കൾ…

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ തെരുവുനായ്ക്കൾ ആക്രമിച്ച് ഓടിച്ചു. കോയമ്പത്തൂരിലെ തുടിയലൂരിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം അറിയുന്നത്. തുടിയലൂരിലെ എൻജിഒ കോളനി–അശോകപുരം മേഖലയിൽ റെയിൽവേ പാലത്തിന് സമീപമായിരുന്നു സംഭവം.

റോഡരികിൽ ഇരിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് മദ്യപിച്ചെത്തിയ യുവാവ് എത്തുകയായിരുന്നു. ഇയാൾ എത്തിയതോടെ സമീപത്തുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ നിർത്താതെ കുരച്ചു. നായ്ക്കൾ തന്റേതാണോയെന്ന് യുവാവ് യുവതിയോട് ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. തുടർന്ന് നായ്ക്കളെ ഓടിക്കാൻ ഇയാൾ കല്ലെടുത്തെങ്കിലും നായ്ക്കൾ കുരച്ചുകൊണ്ട് അവിടെത്തന്നെ തുടരുകയായിരുന്നു. പിന്നീട് യുവാവ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ നായ്ക്കൾ ഇയാൾക്ക് നേരെ കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. നായ്ക്കൾ യുവാവിന്റെ കാലിൽ കടിക്കുന്നതും ഇയാൾ അവിടെനിന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ നായ്ക്കൾ ഇയാളെ പിന്തുടരുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button