സംസ്‌കാരം വസ്ത്രത്തിലല്ല, ഹൃദയത്തിൽ… സ്ത്രീയുടെ വസ്ത്രവും സ്വാതന്ത്ര്യവും വ്യക്തിപരം… രാഹുൽ ഗാന്ധി

രക്ഷാബന്ധൻ പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന ബോളിവുഡ് നടി കൃതി സനോണിന് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്ത്രീകൾ സ്വന്തം സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരിൽ അവരെ ട്രോളുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

#SmashThePatriarchy എന്ന ഹാഷ്ടാഗോടെയാണ് രാഹുൽ കുറിപ്പ് പങ്കുവെച്ചത്. കൃതി സനോൺ പങ്കുവെച്ച സ്റ്റോറിയും രാഹുൽ മെൻഷൻ ചെയ്തിട്ടുണ്ട്. പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിലും രാഹുൽ ഈ ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു. അതേസമയം, രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ‘പുരുഷാധിപത്യത്തെ തകർക്കൂ’ എന്ന ഹാഷ്ടാഗിനെ വിമർശിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. ഷാ ബാനോ, മുത്തലാഖ്, വനിതാ സംവരണ ബിൽ, കർണാടക മന്ത്രിസഭയിലെ വനിതകളുടെ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളും പോസ്റ്റിൽ ഉന്നയിച്ചിട്ടുണ്ട്. രക്ഷാബന്ധൻ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ജ്വല്ലറി പരസ്യത്തിലെ കൃതി സനോണിന്റെ വസ്ത്രധാരണമാണ് വിവാദമായത്. ഇതിന് പിന്നാലെ ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ടും പരസ്യത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കൃതിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും പരസ്യത്തെയും വസ്ത്രധാരണത്തെയും സൂചിപ്പിച്ചായിരുന്നു കങ്കണയുടെ പ്രതികരണം.

എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി കൃതി സനോൺ പിന്നീട് രംഗത്തെത്തി. ആഘോഷങ്ങളുടെ യഥാർഥ സംസ്കാരവും പാരമ്പര്യവും ഒരാളുടെ വസ്ത്രധാരണത്തിലല്ല, മറിച്ച് ഹൃദയത്തിലാണെന്നായിരുന്നു കൃതിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യത്തിൽ ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്കർട്ടുമാണ് കൃതി ധരിച്ചിരുന്നത്. പരസ്യത്തിൽ സഹോദരനും വളർത്തുനായയ്ക്കും കൃതി രാഖി കെട്ടുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

Related Articles

Back to top button