മമതാ ബാനർജിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമം… യുവതി അറസ്റ്റിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് തനിഷ്ത സാഹ എന്ന യുവതിയെ കാളിഘട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കാളിഘട്ടിലെ വസതിക്ക് പുറത്തുവെച്ചാണ് ഈ സുരക്ഷാവീഴ്ചയുമുണ്ടായത്.

ദുർഗ്ഗാ പൂജ പന്തൽ ഉദ്ഘാടനത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് യുവതി മമത ബാനർജിക്ക് അടുത്തേക്ക് എത്തിയത്. സെഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് ഉള്ളിൽ കടക്കാൻ ശ്രമിച്ച ഇവരെ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തടയുകയായിരുന്നു. കസ്റ്റഡിയിലുള്ള യുവതി താൻ മമത ബാനർജിയുടെ അനന്തരവളാണെന്ന് അവകാശപ്പെട്ടതായി മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ ആരോപിച്ചു. സംഭവത്തിൽ ഡോല സെൻ കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

ലഹരിയിലായിരുന്ന യുവതി അസഭ്യം പറയുകയും, തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് ഡോല സെൻ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സെഡ് പ്ലസ് സുരക്ഷയുള്ള നേതാവിന് നേരെ ഉണ്ടായ ഈ സുരക്ഷാവീഴ്ചയിൽ തൃണമൂൽ കോൺഗ്രസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button