ബിരിയാണി കണ്ടാൽ വായിൽ വെള്ളമൂറുന്നതെന്തുകൊണ്ട്?

ബിരിയാണിയുടെ മണം മൂക്കിലെത്തിയാൽ മതി… ചൂടോടെ വിളമ്പിയിരിക്കുന്ന ബിരിയാണിയുടെ ചിത്രം കണ്ടാലും ചിലപ്പോൾ വായിൽ വെള്ളമൂറും. വയറുനിറഞ്ഞിരിക്കുകയാണെങ്കിലും ഇഷ്ടപ്പെട്ട ഭക്ഷണം മുന്നിലെത്തിയാൽ ഒരു പ്ലേറ്റ് കഴിച്ചാലോ എന്ന തോന്നലുണ്ടാകാറുമുണ്ട്. ഭക്ഷണം നേരിട്ട് കാണണമെന്നുപോലുമില്ല, അതിന്റെ മണം കേട്ടാലോ അതിനെക്കുറിച്ച് ചിന്തിച്ചാലോ പോലും കൊതി തോന്നാം. എന്തുകൊണ്ടാണ് ശരീരം ഇങ്ങനെ പ്രതികരിക്കുന്നത്?
ഇതിന് പിന്നിൽ വിശപ്പ് മാത്രമല്ല. തലച്ചോറും നാഡീവ്യവസ്ഥയും ദഹനവ്യവസ്ഥയും തമ്മിലുള്ള സങ്കീർണമായ ഏകോപനമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഭക്ഷണം വായിലെത്തുന്നതിന് മുമ്പുതന്നെ ദഹനത്തിനായി ശരീരം തയ്യാറെടുക്കാൻ തുടങ്ങും. ഭക്ഷണം കാണുകയോ മണക്കുകയോ അതിന്റെ രുചിയെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ തലച്ചോർ ഭക്ഷണം ഉടൻ ലഭിക്കുമെന്ന സൂചനയായി അതിനെ തിരിച്ചറിയുന്നു.
കാഴ്ച, ഗന്ധം, ശബ്ദം, ഓർമകൾ തുടങ്ങി ചുറ്റുപാടുകളിൽനിന്നുള്ള നിരവധി വിവരങ്ങൾ തലച്ചോർ നിരന്തരം സ്വീകരിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോഴോ അതിന്റെ മണം അനുഭവപ്പെടുമ്പോഴോ തലച്ചോറിലെ ചില ഭാഗങ്ങൾ സജീവമാകുന്നു. തുടർന്ന് നാഡീവ്യവസ്ഥ ശരീരത്തോട് ഭക്ഷണം കഴിക്കാനും ദഹിപ്പിക്കാനും തയ്യാറാകാനുള്ള നിർദേശം നൽകും.
ഇതിന്റെ ഭാഗമായി ഉമിനീർ ഉത്പാദനം വർധിക്കുകയും ദഹനവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ സജീവമാകുകയും ചെയ്യും. അതുകൊണ്ടാണ് ഭക്ഷണം വായിലെത്തുന്നതിന് മുമ്പുതന്നെ വായിൽ വെള്ളമൂറുന്നത്.




