രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യത്തിന് അനുമതി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ ഇന്ത്യാസഖ്യ നേതാക്കൾക്ക് അനുമതി ലഭിച്ചു. രാത്രി എട്ടുമണിക്ക് പത്ത് എംപിമാർക്കാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ എത്തിച്ചേരാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതിപക്ഷ എംപിമാരോട് നിർദേശിച്ചിരുന്നു. ഇവിടെ ഒത്തുചേർന്ന ശേഷം എംപിമാർ കാൽനടയായി പ്രതിഷേധവുമായി മുന്നോട്ടുനീങ്ങും. പാർലമെന്റ്, വിവിധ മന്ത്രാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്കാണ് മാർച്ച് നടത്താൻ ലക്ഷ്യമിടുന്നത്. പൊലീസ് അനുമതി ലഭിക്കില്ലെന്ന വിലയിരുത്തലിൽ ഔദ്യോഗിക അനുമതിയില്ലാതെയാണ് പ്രതിഷേധത്തിന് ഇന്ത്യാസഖ്യം ഒരുങ്ങുന്നത്. പ്രതിഷേധം കണക്കിലെടുത്ത് മേഖലയിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്രസേനയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രതിഷേധക്കാരെ പാർലമെന്റിന് സമീപം തന്നെ തടയാനാണ് സാധ്യത. ഇതോടെ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷാവസ്ഥയുണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. തുടർച്ചയായ നാലാം ദിവസമാണ് എംപിമാർ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുന്നത്. സുപ്രീംകോടതി, ഇന്ത്യാ ഗേറ്റ് തുടങ്ങിയ മേഖലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നതും ഇന്ത്യാസഖ്യം ആലോചിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ വിശദീകരിക്കുന്ന രേഖയും രാഷ്ട്രപതിക്ക് സമർപ്പിക്കാൻ പ്രതിപക്ഷം തയ്യാറാക്കിയിട്ടുണ്ട്.
‘ഗ്യാനേഷ് കുമാറിനെതിരായ കുറ്റപത്രം’ എന്ന പേരിലാണ് രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എംപിമാർ പ്രാർത്ഥനാ യോഗം നടത്തിയിരുന്നു. രാഷ്ട്രീയ പ്രതിഷേധത്തിനപ്പുറം രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇതെന്ന സന്ദേശം ഉയർത്തിക്കാട്ടുകയാണ് ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിലൂടെ തങ്ങളുടെ പരാതികൾ ഉന്നയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ദേശീയതലത്തിൽ കൂടുതൽ ശക്തമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം.




