300 കോടിയുടെ സാമ്പത്തിക തട്ടിപ്പ്… ബിഎൽഎം ചെയർമാന്റെ ജാമ്യാപേക്ഷ…

കൊച്ചി: 300 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം (ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി) ചെയർമാൻ ആർ. പ്രേംകുമാറിന് തിരിച്ചടി. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രേംകുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. പ്രേംകുമാറും കുടുംബാംഗങ്ങളും ചേർന്ന് സാധാരണക്കാരിൽനിന്ന് പണം സ്വീകരിച്ച് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ പ്രേംകുമാറിന്റെ അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചായിരുന്നില്ലെന്ന് നിരീക്ഷിച്ച കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ പ്രേംകുമാർ ഒളിവിൽ പോയതോടെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കഴിഞ്ഞിരുന്നില്ല. തുടർന്ന് ജാമ്യം അനുവദിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും പ്രേംകുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് മുൻകൂർ ജാമ്യം തേടി പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ പക്കലുണ്ടായിരുന്ന രേഖകൾ ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കൊണ്ടുപോയെന്നും ആവശ്യമായ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രേംകുമാർ കോടതിയിൽ വാദിച്ചു.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ വാദങ്ങളെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇതിനായി പ്രേംകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇരു ഭാഗങ്ങളുടെയും വാദങ്ങൾ പരിഗണിച്ച ഹൈക്കോടതി പ്രേംകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.



