തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ കുതിപ്പ്… പവന്…

കഴിഞ്ഞ ആഴ്ചയിലെ കനത്ത വിലയിടിവിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവും വെള്ളിയും തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം നടത്തുന്നു. ഇതിന്റെ പ്രതിഫലനമായി കേരളത്തിലും സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 11,715 രൂപയായി.
ഒരു പവൻ സ്വർണത്തിന് ഇന്ന് 93,720 രൂപ നൽകണം. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ വിലവിവരങ്ങൾ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് പിന്നാലെ തുടർച്ചയായി രണ്ടാം ദിവസവും വില ഉയർന്നത് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് തിരിച്ചടിയാകുകയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയും 10 ഗ്രാം വെള്ളിക്ക് 1,750 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.



