ശബരിമല തീർഥാടകർക്ക് ഇനി ‘ശരൺ’ തുണ… എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് സഹായവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. തീർഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി സമഗ്ര വിവരങ്ങളടങ്ങിയ ‘ശരൺ’ (Saran) വെബ് ആപ്പ് പുറത്തിറക്കി. തീർഥാടകർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. https://saran.lsgdpr.in/എന്ന വെബ്സൈറ്റ് തുറന്നാൽ ശരൺ ആപ്പ് ഉപയോഗിക്കാം. പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസറുകളിലൂടെ നേരിട്ട് ആക്സസ് ചെയ്യാൻ സാധിക്കും.
ശബരിമല തീർഥാടന പാതകളിലെ ഇടത്താവളങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, യാത്രാവിവരങ്ങൾ, അവശ്യ സേവനങ്ങൾ, പ്രാദേശിക അറിയിപ്പുകൾ തുടങ്ങിയവയെല്ലാം ആപ്പിൽ ലഭ്യമാകും. തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കി യാത്ര കൂടുതൽ ജനസൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഐ.ടി വിഭാഗമാണ് ‘ശരൺ’ വെബ് ആപ്പ് തയ്യാറാക്കിയത്. മന്ത്രി കെ.എം. ഷാജിയാണ് ആപ്പ് പുറത്തിറക്കിയത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിലൂടെ തീർഥാടകർക്ക് യാത്ര ആസൂത്രണം ചെയ്യാനും ആവശ്യമായ സേവനങ്ങൾ കണ്ടെത്താനും കൂടുതൽ സൗകര്യമൊരുങ്ങും.
പ്രധാന ലക്ഷ്യങ്ങൾ, സൗകര്യങ്ങൾ…
ശബരിമല പാതകളിലെ ഇടത്താവളങ്ങൾ, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ എന്നിവ ഏകീകൃത ഡിജിറ്റൽ സംവിധാനത്തിൽ. ലൊക്കേഷൻ അടിസ്ഥാനമാക്കി സമീപ ഇടത്താവളങ്ങളും അവശ്യ സേവന കേന്ദ്രങ്ങളും വേഗത്തിൽ കണ്ടെത്താം. ഇടത്താവളങ്ങളിലെ ശുചിത്വവും സേവനനിലവാരവും വിലയിരുത്താനും മെച്ചപ്പെടുത്താനും പൊതുജന പങ്കാളിത്തംഉറപ്പാക്കൽ. ഇടത്താവളങ്ങളിലെ ശുചിത്വം വിലയിരുത്താനും പരാതികളും പ്രശ്നങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാനും സൗകര്യം.
- അന്നദാനം, പ്രത്യേക ബസ് സർവീസുകൾ,മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിയിപ്പുകൾ കൈമാറും. മലയാളം, ഇംഗ്ലീഷ്,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ആറ് ഭാഷകളിൽ സേവനം.
- പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് മൊബൈൽ ബ്രൗസറിലൂടെ നേരിട്ട് ഉപയോഗിക്കാം.ഫോണിന്റെ ഹോം സ്ക്രീനിലേക്ക് എളുപ്പത്തിൽ ചേർത്തുവെക്കാം.
- ഇടത്താവളത്തിന്റെയോ തദ്ദേശസ്ഥാപനത്തിന്റെയോ പേര് നൽകി തിരയാനും ലൊക്കേഷൻ സൗകര്യം ഉപയോഗിച്ച് തൊട്ടടുത്തുള്ള ഇടത്താവളങ്ങൾ ദൂരക്രമത്തിൽ കണ്ടെത്താനും സാധിക്കും.
- ഓരോ ഇടത്താവളത്തിലെയുംഉൾക്കൊള്ളാവുന്ന ആളുകളുടെ ശേഷി,കുടിവെള്ളം, ശൗചാലയം, കുളിക്കാനുള്ള സൗകര്യം, വാഹന പാർക്കിങ് ശേഷി,മൊബൈൽ ചാർജിങ് പോയിന്റുകൾ,വൊളന്റിയർ സവനം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ എന്നിവ മുൻകൂട്ടി അറിയാം.
- ലെവ് മാപ്പും നാവിഗേഷനും:ഇടത്താവളങ്ങൾക്ക് പുറമെ സമീപ ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, ഫയർസ്റ്റേഷനുകൾ, എ.ടി.എം., പെട്രോൾ പമ്പുകൾ,ബസ് സ്റ്റേഷനുകൾ എന്നിവ വിഭാഗം തിരിച്ച് കണ്ടെത്താനും ഗൂഗിൾ മാപ് വഴി ദിശയറിയാനും സൗകര്യം.
- ദിവസേനയുള്ള പൂജാസമയം ഹോംസ്ക്രീനിൽ ലഭ്യമാണ്. അന്നദാനം,പ്രത്യേക ബസ് സർവീസുകൾ, മെഡിക്കൽക്യാമ്പുകൾ തുടങ്ങിയ അറിയിപ്പുകൾ തീയതിയും സമയവും സഹിതം നോട്ടിഫിക്കേഷനിൽ. പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിനുശേഷം ഇവ പൊതുപട്ടികയിൽനിന്ന് സ്വമേധയാ നീക്കും.
- നോഡൽ ഓഫീസർമാർ: ചുമതലയുള്ള ഇടത്താവളങ്ങളിലെ സൗകര്യങ്ങളുടെ വിവരങ്ങളും ഹെൽപ്ലൈൻ നമ്പറുകളും അപ്ഡേറ്റ് ചെയ്യുക, പ്രാദേശിക അറിയിപ്പുകൾ പ്രസിദ്ധീകരിക്കുക, തീർഥാടകരുടെ പരാതികൾ പരിഹരിക്കുക എന്നിവയ്ക്ക് നോഡൽ ഓഫീസർമാർ.
- അതാത് ജില്ലകളിലെ ഇടത്താവളങ്ങളുടെ പ്രവർത്തനങ്ങളും വിവരങ്ങളും ജില്ലാ അഡ്മിനിസ്ട്രേറ്റർമാർ നിരീക്ഷിക്കും, ഏകോപിപ്പിക്കും.
- അടിയന്തര ഘട്ടങ്ങളിൽ ആശുപത്രി, പോലീസ്,ഗതാഗത സൗകര്യങ്ങൾ വേഗത്തിൽ കണ്ടെത്താനാകും.
- തീർഥാടനത്തിനിടെ കുട്ടികളോ മുതിർന്നവരോ കാണാതായാൽ വിവരങ്ങൾ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാനും ഉദ്യോഗസ്ഥരിലേക്ക് കൈമാറാനും സംവിധാനം.
- ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സമീപത്തെ ആരോഗ്യകേന്ദ്രങ്ങളെയും മെഡിക്കൽ ക്യാമ്പുകളെയും കണ്ടെത്താനാകും.
- അപകടങ്ങളോ സുരക്ഷാ ഭീഷണികളോ ഉണ്ടാകുമ്പോൾ ലൊക്കേഷൻ വിവരങ്ങൾ സഹിതം പോലീസ്, ആരോഗ്യവകുപ്പ്, മറ്റ് അടിയന്തര സേവന വിഭാഗങ്ങൾഎന്നിവരിലേക്ക് ഒറ്റ സ്പർശത്തിലൂടെ സഹായാഭ്യർഥന എത്തിക്കും.
- ഇടത്താവളങ്ങളിലെ തത്സമയ തിരക്ക്, സൗകര്യങ്ങളുടെ ലഭ്യത,ഗതാഗതക്രമീകരണങ്ങൾ,വഴിതിരിച്ചുവിടലുകൾ, കാലാവസ്ഥാ അറിയിപ്പുകൾ തത്സമയം കിട്ടും.
- തദ്ദേശസ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ്, ദുരന്തനിവാരണ വിഭാഗം എന്നിവയെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഏകോപിപ്പിച്ച് വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കൽ.



