പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; ഭർത്താവിനെ കാണാനില്ല..

പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഫൗസിയയെ ഭർത്താവ് ഹുസൈൻ (40)നൊപ്പം ബുധനാഴ്ച രാത്രി മുതൽ കാണാതായിരുന്നു. മത്സ്യത്തൊഴിലാളിയായ ഹുസൈനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ തിരൂർ പുഴയുടെ അഴിമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടിൽ മത്സ്യത്തൊഴിലാളികൾ ഒരു വെള്ള ചാക്ക് ശ്രദ്ധിക്കുകയായിരുന്നു. ബോട്ടിന്റെ നങ്കൂരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ചാക്ക്. ചാക്കിനുള്ളിൽ മനുഷ്യശരീരമുണ്ടെന്ന് സംശയം തോന്നിയതോടെ മത്സ്യത്തൊഴിലാളികൾ തിരൂർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ചാക്ക് പുറത്തെടുത്ത് പരിശോധന നടത്തി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ പരിശോധനകൾക്കായി തിരൂർ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ മൃതദേഹം ഫൗസിയയുടേതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധനകളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായി തിരിച്ചറിയൽ സ്ഥിരീകരിക്കൂ.

Related Articles

Back to top button