വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ചാൽ..

ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. പാർട്ടി യോഗങ്ങളിലും പരിപാടികളിലും വന്ദേമാതരത്തിൻറെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937-ലെ കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയം തുടർന്നും പിന്തുടരാനാണ് തീരുമാനം.

കോൺഗ്രസിൻറെ ഈ തീരുമാനത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് ഒരു “പുതിയ മുസ്ലിം ലീഗ്” ആയി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു. ഈ തീരുമാനം കോൺഗ്രസിൻറെ രാജ്യസ്നേഹത്തെയും കൂറിനെയും ചോദ്യം ചെയ്യുന്നതാണെന്നും സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരത്തിൻറെ ഏക അവകാശികളാണെന്ന കോൺഗ്രസിൻറെ വാദം ഈ തീരുമാനത്തോടെ തകർന്നു. ഭരണഘടനയ്ക്കും പാർലമെന്റിനും രാജ്യത്തിനും മുകളിലായിട്ടാണ് പാർട്ടിയെ അവർ പരിഗണിക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ എതിർക്കാൻ 1931-ൽ മുസ്ലിം ലീഗ് കാണിച്ച അതേ പിടിവാശിയാണ് ഇപ്പോൾ കോൺഗ്രസും കാണിക്കുന്നതെന്ന് ബിജെപി വക്താവ് ആരോപിച്ചു. എന്നാൽ ദേശീയഗീതത്തെയും ദേശീയഗാനത്തെയും ബിജെപി രാഷ്ട്രീയ വത്കരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരിച്ചടിച്ചു. വന്ദേമാതരം തങ്ങൾക്ക് വൈകാരികമായ വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വന്ദേമാതരത്തിൽ പാർട്ടിയുടെ നിലപാട് 1937-ൽ മുൻനിര നേതാക്കൾ എടുത്ത തീരുമാനത്തിന് അനുസൃതമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, രബീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് രണ്ട് ചരണങ്ങൾ ആലപിച്ചാൽ മതിയെന്ന തീരുമാനം എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button