കാൽവിരലുകളിലെ നഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റി, കമ്പ്കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി, കഴുത്തിലും മുറിവുകളിലും മുളകുപൊടി വിതറിയതോടെ…

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മർദിച്ച് ബന്ധുക്കൾ. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളാണ് വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചതും ശാരീരികമായി പീഡിപ്പിച്ചതും. ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അതിക്രമം. പിതാവിന്റെ സഹോദരനുൾപ്പെടെയാണ് കുട്ടിയെ വളരെ മൃഗീയമായി ആക്രമിച്ചത്. സംഭവത്തിൽ കൊടുവള്ളി പോലീസ് മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC) വിഷയത്തിൽ ഇടപെട്ടു

മോഷണക്കുറ്റം ആരോപിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പുകൊണ്ട് കുത്തിയും മർദിച്ചും പരിക്കേൽപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കാൽവിരലുകളിലെ നഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റുകയും കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടി തേക്കുകയും ചെയ്തതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. പച്ചമുളക് അരച്ച് ശരീരത്തിൽ പുരട്ടിയെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

പ്രതികൾ കൈകാലുകൾ കെട്ടിയിട്ടാണ് കുട്ടിയെ മർദിച്ചത്. എന്നാൽ പിന്നീട് സ്വയം അഴിച്ചുമാറ്റി കുട്ടി രക്ഷപെടുകയായിരുന്നുവെന്നാണ് വിവരം. രാത്രി 11 മണിയോടെ വീട്ടിലെ ടെറസിൽനിന്ന് പുറത്തുകടന്ന കുട്ടിയെ, വഴിയിൽ കണ്ട യാത്രക്കാരനാണ് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചത്. സംഭവത്തിൽ കൊടുവള്ളി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

പീഡനത്തിനിരയായ പന്ത്രണ്ടുകാരന്റെ പിതാവിന്റെ സഹോദരൻ, ഇയാളുടെ ഭാര്യ, മകൻ എന്നിവരുടെ പേരിലാണ് കൊടുവള്ളി പോലീസ് കേസെടുത്തത്. മർദ്ദനം, ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വെച്ചുവെന്നതടക്കം ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിക്കും കുടുംബത്തിനും കൗൺസിലിംഗ് നൽകിയ ശേഷം കുട്ടിയെ സിഡബ്ല്യൂസി താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button