ചോയിമഠം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരന് ദാരുണാന്ത്യം; ഒരാളെ രക്ഷപ്പെടുത്തി

കൂട്ടുകാരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മുങ്ങിമരിച്ചത്. ചോയിമഠം ചെറുപുഴയിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

ചാത്തമംഗലത്തെ സനു ഫിയാസിന്റെ വീട്ടിലെത്തിയ ശേഷമാണ് രണ്ട് വിദ്യാർഥികളും സമീപത്തെ പുഴയിൽ കുളിക്കാനായി പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്. പുഴയിൽ കുട്ടികൾ മുങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ ഉടൻ സ്ഥലത്തെത്തി. വെള്ളത്തിൽ മുങ്ങിയ ഒരു കുട്ടിയെ ഇവർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ സനു ഫിയാസിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button