കൊലപാതകത്തിന് മുമ്പ് വീട്ടിൽ മോഷണശ്രമം.. അന്ന് രാത്രി തന്നെ ബാഡ് ടച്ച്.. കരുവാറ്റയിലെ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കരുവാറ്റയിലെ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടിയോട് പെൺകുട്ടിക്ക് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് മുമ്പ് പെൺകുട്ടി വീട്ടിൽ മോഷണശ്രമം നടത്തിയിരുന്നതായും പൊലീസ് പറയുന്നു.
ഇത് ശിവൻകുട്ടി കാണുകയും തുടർന്ന് ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വീട്ടിൽ വഴക്കുണ്ടാകുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ ‘കള്ളി’ എന്ന് വിളിച്ചതാണ് വിദ്വേഷം കൂടുതൽ ശക്തമാകാൻ കാരണമായതെന്നാണ് പൊലീസ് കണ്ടെത്തൽ. അന്ന് രാത്രി തന്നെ കൊലപ്പെടുത്തണമെന്ന് ആൺ സുഹൃത്തുത്തിനോട് പറഞ്ഞതായി പൊലീസ് കണ്ടെത്തി.
അന്ന് രാത്രി തന്നെ നടന്നെന്ന് പെൺകുട്ടി പറയുന്ന ബാഡ് ടച്ച് ആരോപണവും ശാസ്ത്രീയമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യാൻ ക്ലിനിക്കിൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായ നാല് കുട്ടികളുടെയും കസ്റ്റഡി ആവശ്യപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ മരിച്ച ശിവൻകുട്ടിയുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
അതേസമയം, കൊലപാതകം പെൺകുട്ടിയുടെ അച്ഛന്റെ പേരിലേക്ക് മാറ്റാനും പ്രതികൾ ശ്രമിച്ചു. അച്ഛനും ശിവൻകുട്ടിയുമായി ശത്രുതയുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ വയറ്റിൽ മുഴ ഉണ്ടായിരുന്നു എന്നും അത് ചികിത്സിക്കാൻ പണം നൽകാനാണ് ഹരിപ്പാട് എത്തിയതെന്നും പ്രതികളുടെ മൊഴി നൽകി. ശാസ്ത്രീയ തെളിവുകൾ നിരത്തിയാണ് പൊലീസ് കുട്ടികളുടെ വാദം പൊളിച്ചത്.
കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി എവിടെയായിരുന്നു എന്നത് ദുരൂഹമായി തുടരുകയാണ്. എന്നാൽ പെൺകുട്ടി കരുവാറ്റയിൽ നിന്ന് പോയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടി കൊല്ലത്ത് താമസിച്ചിരുന്ന സമയത്തും അയൽവാസികളുമായി അധികം ബന്ധം പുലർത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പെൺകുട്ടി മാന്യമായാണ് പെരുമാറിയതെന്നും അയൽവാസികൾ പറയുന്നു. കരുവാറ്റയിലെ കൊലപാതം ചെയ്തത് കുട്ടികളാണെന്ന് വീട്ടുകാർ അറിയുന്നത് പൊലീസ് എത്തിയപ്പോഴാണ്. ആദ്യം വീട്ടുകാർ വിശ്വസിച്ചില്ലെങ്കിലും പിന്നീട് പൊലീസ് വീട്ടുകാർക്ക് മുന്നിൽ തെളിവുകൾ നിരത്തുകയായിരുന്നു.
കുട്ടികൾ പൊലീസിനെ കണ്ടപ്പോൾ നിന്നത് ഒരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു. കുട്ടികൾ സ്ഥിരമായി യാത്ര പോകുന്ന സ്വഭാവം ഉള്ളവരാണെന്നും അറസ്റ്റിലായ മൂന്നു പരവൂർ സ്വദേശികളും പിന്നോക്കം സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗങ്ങളുമാണ്. ഇവരുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഒരു പ്രൊഫഷണൽ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളിലെ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനിൽക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടിൽ നിന്നും ആറു പവൻ സ്വർണമാണ് മോഷണം പോയത്. കൂട്ടുപ്രതികൾ പെൺകുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.
സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകം നടത്തിയ കുട്ടികൾക്ക് കൂടുതൽ ശിക്ഷ ലഭിക്കുമെന്നും വിവരമുണ്ട്.



