വീഡിയോ കോളിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പ്രതിശ്രുത വധൂവരന്മാരെ….

കൊച്ചി: പ്രതിശ്രുത വധൂവരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പരിശോധനയ്ക്ക് പൊലീസ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ജീവനൊടുക്കിയത്. ഡിസംബർ 26നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കാസർകോട് പൂച്ചക്കാട്ടെ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമൽ (26) എന്നിവരാണ് മരിച്ചത്.

കർണാടകയിലെ ഹുൻസൂരിലും എറണാകുളത്തുമാണ് ഇരുവരും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായി ജോലി ചെയ്തിരുന്നത്. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടൽ മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു ഇരുവരുടെയും മരണം. ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കിൽ ജോലി ചെയ്തിരുന്നു. ഇതിനുശേഷമാണ് സംഭവം. ഈ സമയത്ത് അനുശ്രീയുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും അമൽ വിളിച്ച കാര്യം അനുശ്രീ പറഞ്ഞിരുന്നെന്നും സഹോദരി പറഞ്ഞു. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ബുധനാഴ്ച രാവിലെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടെങ്കിലും അനുശ്രീ ഫോൺ എടുത്തില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

അമൽ പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീ മരിച്ചതറിഞ്ഞതിന് പിന്നാലെ ബുധനാഴ്ച രാവിലെ 8.45ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ അമൽ മുറിയെടുത്തു. തുടർന്ന് തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. സംഭവത്തെക്കുറിച്ച് അറിയാൻ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അമൽ ഫോൺ എടുത്തില്ല. തുടർന്ന് സുഹൃത്തുക്കൾ ലോഡ്ജിലെത്തി വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തും. ഇരുവരുടെയും മൊബൈൽ ഫോണുകളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ച് മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Related Articles

Back to top button