മദ്യപാനത്തിനിടെ തർക്കം… കൊട്ടാരക്കരയിൽ യുവാവിനെ കോടാലികൊണ്ട്…

കൊല്ലം: കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതിയുടെ വീട്ടിൽവെച്ചായിരുന്നു ഇരുവരും മദ്യപിച്ചിരുന്നത്. ഇതിനിടെ വാക്കുതർക്കമുണ്ടായി.
തുടർന്ന് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പ്രതി ആദർശിന്റെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടിയതായും പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിന് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം പ്രതി കൊട്ടാരക്കര പൊലീസിനെ ഫോണിൽ വിളിച്ച് താൻ കൊലപാതകം നടത്തിയതായി അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




