‘നാലാംലോക’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്… എം.പി. പരമേശ്വരൻ അന്തരിച്ചു

തൃശൂർ: സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രമുഖ നേതാവുമായിരുന്ന ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം തുടങ്ങിയ ജനകീയ മുന്നേറ്റങ്ങളുടെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു അദ്ദേഹം.

1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂരിലായിരുന്നു എം.പി. പരമേശ്വരന്റെ ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ അദ്ദേഹം റഷ്യയിലെ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. 1957 മുതൽ 1975 വരെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധത്തെ തുടർന്നാണ് പിന്നീട് ജോലി രാജിവെച്ചത്. എം.പി. പരമേശ്വരൻ മുന്നോട്ടുവച്ച ‘നാലാംലോക’ സിദ്ധാന്തം സിപിഐഎമ്മിലും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലും വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് 2004ൽ അദ്ദേഹത്തെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ശാസ്ത്രപ്രചാരകരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ പീപ്പിൾ സയൻസ് നെറ്റ്‌വർക്കിന്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എം.പി. പരമേശ്വരൻ. ദേശീയതലത്തിൽ സാക്ഷരതാ പ്രസ്ഥാനം വളർത്തുന്നതിലും നിർണായക പങ്കുവഹിച്ചു.

ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രധാന സവിശേഷത. മാർക്സിസ്റ്റ് ആശയങ്ങൾ, ശാസ്ത്രീയ ചിന്ത, സാമൂഹിക വികസനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധി ചർച്ചകൾക്ക് വഴിതെളിച്ചു. എ.കെ.ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇ.എം.എസിന്റെ കഥാപാത്രമായും എം.പി. പരമേശ്വരൻ അഭിനയിച്ചിട്ടുണ്ട്. ശാസ്ത്രപ്രചാരണം, സാക്ഷരത, ജനകീയാസൂത്രണം, സാമൂഹിക വികസനം എന്നീ മേഖലകളിലെ ഇടപെടലുകളിലൂടെ കേരളത്തിന്റെ പുരോഗമന ബൗദ്ധിക ചരിത്രത്തിൽ വ്യക്തമായ അടയാളം പതിപ്പിച്ചാണ് എം.പി. പരമേശ്വരന്റെ വിടവാങ്ങൽ.

Related Articles

Back to top button