സോപ്പിനുള്ള രാസവസ്തു ഭക്ഷണത്തിൽ… ഭക്ഷ്യനിർമാണ യൂണിറ്റ് അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്…

കോഴിക്കോട്: ഓണം മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ ഓണം’ മിന്നൽ പരിശോധനയിൽ കോഴിക്കോട് നല്ലളത്തെ ഒരു ഭക്ഷ്യനിർമാണ യൂണിറ്റിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ വ്യാവസായിക ആവശ്യങ്ങൾക്ക് മാത്രമുള്ള ഇൻഡസ്ട്രിയൽ ഗ്രേഡ് എസ്സൻസ് കലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ‘ആസാദ് ഫുഡ് പ്രൊഡക്ട്സ്’ എന്ന സ്ഥാപനം അധികൃതർ അടപ്പിച്ചു.

ബിരിയാണിക്കും മറ്റ് വിഭവങ്ങൾക്കും സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ സോപ്പ്, അഗർബത്തി തുടങ്ങിയവയുടെ നിർമ്മാണത്തിന് മാത്രം ഉപയോഗിക്കാവുന്ന എസ്സൻസാണ് സ്ഥാപനം ചേർത്തിരുന്നത്. ‘വ്യാവസായിക ആവശ്യത്തിന് മാത്രം’ എന്ന ലേബലോടുകൂടിയ രാസപദാർത്ഥമാണ് ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിൽ ഉപയോഗിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. അച്ചാറുകളും സോസുകളും നിർമ്മിച്ചിരുന്ന യൂണിറ്റിൽ അതീവ വൃത്തിഹീനമായ സാഹചര്യവും കണ്ടെത്തി. ഉൽപ്പാദന കേന്ദ്രങ്ങളിൽ എലിക്കാഷ്ടം, കുപ്പിച്ചില്ലുകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ചിതറിക്കിടന്ന നിലയിലായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിലുള്ള രാസവസ്തുക്കൾ കലർന്ന റോസ് വാട്ടർ ഉപയോഗിക്കുന്നത് വയറുവേദന, ഛർദ്ദി, ഗ്യാസ്ട്രോ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സ്ഥാപനത്തിൽ നിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ യൂണിറ്റിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യഥാർഥ റോസ് വാട്ടർ നിർമ്മാണം ചെലവേറിയ പ്രക്രിയയായതിനാൽ വിപണിയിൽ വളരെ കുറഞ്ഞ വിലയ്ക്കും അതിതീവ്ര സുഗന്ധത്തോടെയും ലഭിക്കുന്ന പനിനീരുകൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഓണം പ്രമാണിച്ച് ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button