മുഖ്യമന്ത്രിക്കെതിരെ കെ.യു. ജനീഷ് കുമാർ… മഴക്കെടുതി അവലോകന യോഗത്തിൽ നിന്ന്….

പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ. മുഖ്യമന്ത്രി പങ്കെടുത്ത മഴക്കെടുതി അവലോകന യോഗത്തിൽ തന്നെ അറിയിക്കാതെ ഒഴിവാക്കിയെന്നാണ് എംഎൽഎയുടെ ആരോപണം. മുഖ്യമന്ത്രി കോന്നിയിൽ എത്തിയില്ലെന്നും, കോഴഞ്ചേരിയിൽ ചേർന്ന ജില്ലാ അവലോകന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും ജനീഷ് കുമാർ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തന്നെ ഒഴിവാക്കിയതെന്നും, യോഗത്തിൽ പങ്കെടുത്താൽ പോരായ്മകൾ ചൂണ്ടിക്കാട്ടുമെന്നതിനാലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രി കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലെ തരംതാഴരുത്’ എന്നായിരുന്നു ജനീഷ് കുമാറിന്റെ വിമർശനം. മുഖ്യമന്ത്രി സന്ദർശിച്ച സ്ഥലങ്ങളിൽ രാഷ്ട്രീയ നാടകമാണ് നടന്നതെന്നും, ഫോട്ടോയും വീഡിയോയും എടുത്ത് മടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഉരുൾപൊട്ടൽ ഉൾപ്പെടെ വലിയ നാശനഷ്ടമുണ്ടായ കോന്നി മേഖല മുഖ്യമന്ത്രി സന്ദർശിച്ചില്ലെന്നും, നാല് എംഎൽഎമാരുമായി മാത്രം യോഗം ചേർന്നുവെന്നും ജനീഷ് കുമാർ പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥിനെതിരെയും എംഎൽഎ വിമർശനം ഉന്നയിച്ചു. മന്ത്രി റൂമെടുത്ത് ഉറങ്ങുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, മഴക്കെടുതി വിലയിരുത്തലുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി വിവിധ മേഖലകളിൽ സന്ദർശനം നടത്തിയത്. ജനീഷ് കുമാറിന്റെ ആരോപണങ്ങളോട് മുഖ്യമന്ത്രിയുടെ ഓഫീസോ കോൺഗ്രസ് നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button