മണ്ണിടിച്ചിലിന് പിന്നിൽ ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ്… പാണക്കാട് പുതിയ വെളിപ്പെടുത്തൽ

മലപ്പുറം: പാണക്കാട് ഏടായിപ്പാലത്ത് ഉണ്ടായ മണ്ണിടിച്ചിലിന് ദിവസങ്ങൾ മുമ്പ് സമീപത്ത് അനധികൃത ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നടത്തിയതായി ഗുരുതര ആരോപണം. മണ്ണിടിച്ചിൽ നടന്ന സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ അകലെ പെട്രോൾ പമ്പ് നിർമാണം നടക്കുന്ന സ്ഥലത്താണ് പാറ പൊട്ടിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ സമീപത്തെ വീടുകളിൽ പ്രകമ്പനമുണ്ടായിരുന്നുവെന്നും ക്വാറികളിൽ നടത്തുന്ന രീതിയിലുള്ള പാറപൊട്ടിക്കലാണ് നടന്നതെന്നും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിലും പരിസ്ഥിതി ദുർബല മേഖലയിലും ഇത്തരത്തിൽ ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും അവർ ആരോപിക്കുന്നു.

പാറപൊട്ടിക്കലിന് പിന്നാലെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ആരംഭിച്ചതെന്നും, ഇലക്ട്രിക്കൽ ബ്ലാസ്റ്റിങ്ങും മണ്ണിടിച്ചിലും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. സംഭവസ്ഥലത്ത് പൊട്ടിച്ചെടുത്ത പാറകളും ബ്ലാസ്റ്റിങ്ങിന് ഉപയോഗിച്ച യന്ത്രങ്ങളും ഇപ്പോഴും കിടക്കുന്നതായും റിപ്പോർട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് ബ്ലാസ്റ്റിങ് നിർത്തിവെച്ചതെന്നാണ് വിവരം. അതേസമയം, മണ്ണിടിച്ചിലിന് ബ്ലാസ്റ്റിങ് കാരണമായിട്ടുണ്ടോയെന്നത് ഉൾപ്പെടെ ശാസ്ത്രീയ പരിശോധനയിലൂടെയും ഔദ്യോഗിക അന്വേഷണത്തിലൂടെയും മാത്രമേ വ്യക്തമാകൂ. തിങ്കളാഴ്ച രാവിലെ മലപ്പുറം–പാണക്കാട് റോഡിൽ രണ്ട് തവണയായി വൻ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത പാറപൊട്ടിക്കലിനെക്കുറിച്ചുള്ള ആരോപണവും അന്വേഷണ വിഷയമായിരിക്കുകയാണ്.

Related Articles

Back to top button