ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു…. വൻ ദുരന്തം…

കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപത്തെ സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും കാർ അഗ്നിക്കിരയാകുകയും ചെയ്തു.
പരിസരവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കാർ പൂർണമായും കത്തിനശിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.




