ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഡി.എം.കെ നേതാവും തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ നീലാങ്കരയിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ നടത്തിയത്.

ഉദയനിധിയെ റിമാൻഡ് ചെയ്യില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്യൽ പൂർത്തിയാക്കി അദ്ദേഹത്തെ മോചിപ്പിക്കാൻ നിർദേശം നൽകിയത്.

സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉദയനിധി, പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്ത ശേഷമാണ് മടങ്ങിയത്. തഞ്ചാവൂരിൽ നിന്ന് റോഡ് മാർഗ്ഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് തിരിക്കുന്ന ഉദയനിധി, അവിടെ നിന്ന് വിമാനം മാർഗ്ഗം ചെന്നൈയിലേക്ക് മടങ്ങും.

കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദം ഉയർന്നത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ആറ് വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് നീലാങ്കരയിലെ വസതിയിൽ നിന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കാവേരി ജലവിഷയത്തിൽ ഡിഎംകെ സംഘടിപ്പിച്ച തഞ്ചാവൂർ പ്രതിഷേധത്തിനിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കെ പ്രവർത്തകർ “തൃഷ… തൃഷ…” എന്ന് മുദ്രാവാക്യം മുഴക്കിയതോടെ ഉദയനിധി നടത്തിയ പ്രതികരണമാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളും വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

Related Articles

Back to top button