ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ് കേസ്… സിനിമാ സ്റ്റൈൽ ചേസിങ്ങിൽ രണ്ട് മലയാളികൾ പിടിയിൽ

കൊച്ചി: ആയിരം കോടി രൂപയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ മുഖ്യപ്രതികളായ രണ്ട് മലയാളികളെ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പിടികൂടി സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് സംഘം. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലെത്തിയ പ്രതികൾ ഇടപ്പള്ളി ജംക്ഷനിൽ നിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാൽ അന്വേഷണസംഘം ഇവരെ പിന്തുടരുകയായിരുന്നു. ഇതിനിടെ ഇടപ്പള്ളി ഭാഗത്ത് വച്ച് കസ്റ്റംസ് സൂപ്രണ്ട് വിവേക് തന്റെ കാർ കുറുകെയിട്ട് പ്രതികളുടെ വാഹനം തടഞ്ഞു. പ്രതികൾ കാർ നിർത്തിയതോടെ ഉദ്യോഗസ്ഥർ ഓടിയെത്തി വാഹനത്തിന്റെ താക്കോൽ എടുത്തു. തുടർന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥ സംഘം പിടികൂടുകയായിരുന്നു. ഓപ്പറേഷൻ വജ്രയുടെ ഭാഗമായി ഡൽഹിയിലെ ഗോഡൗണിൽ നിന്ന് 30 ടൺ വരുന്ന 12 കോടി ഫൈറ്റർ ഡ്രഗ് ആയ ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ പിടികൂടിയിരുന്നു. ഈ വിവരം അറിഞ്ഞതോടെ മരുന്നുകടത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഉമേഷ് കുമാറും ഫിർദോസും ഒളിവിൽ പോയി. ഇരുവരും കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ കസ്റ്റംസ്, ഡിആർഐ, സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് എന്നീ ഏജൻസികൾ തിരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തിരുവനന്തപുരത്ത് നിന്ന് കൊച്ചി ഭാഗത്തേക്ക് വരുന്നതായി വിവരം ലഭിച്ചതോടെയാണ് ഉദ്യോഗസ്ഥർ നീക്കം ശക്തമാക്കിയത്. വൈക്കം എത്തുന്നതിന് തൊട്ടുമുൻപാണ് പ്രതികളുടെ വാഹനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 40 കിലോമീറ്ററോളം നീണ്ട പിന്തുടർച്ചയ്ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ മറ്റൊരു പ്രതിയെ നേരത്തെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയിരുന്നു. അറസ്റ്റിലായ മൂന്നാമൻ ബെംഗളൂരു സ്വദേശിയാണ്. ഇയാളുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് കയറ്റുമതിക്കായുള്ള വ്യാജരേഖകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കിയിരുന്നത്. ഉയർന്ന ശേഷിയുള്ള വേദനസംഹാരിയായ ട്രാമഡോൾ സംഘർഷ മേഖലകളിൽ ലഹരി മരുന്നായി ഉപയോഗിക്കാറുണ്ട്. 25 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനി-ബിസാവുവിലേക്ക് 12 കോടിയോളം ലഹരി ഗുളികകൾ കയറ്റുമതി ചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം.
എന്നാൽ കുറഞ്ഞ ജനസംഖ്യയുള്ള ഒരു രാജ്യത്തേക്ക് ഇത്രയും വലിയ അളവിൽ ഗുളികകൾ അയക്കുന്നതിൽ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് അധികൃതർക്ക് സംശയം ഉയർന്നു. തുടർന്ന് രാജ്യാന്തര ലഹരിമരുന്ന് നിയന്ത്രണ ബോർഡിൽ നിന്നും ഗിനി-ബിസാവു അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഇതോടെയാണ് ഗിനി-ബിസാവുവിന്റെ മറവിൽ ഗുളികകൾ സംഘർഷ മേഖലയായ ലിബിയയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്ന് കണ്ടെത്തിയത്. തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ സഹായത്തോടെ സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് വലവിരിക്കുകയായിരുന്നു.



