‘മലേഷ്യയിൽ മുസ്ലിം സ്ത്രീകൾക്ക് തുല്യനീതി’… കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിച്ച്…

കോഴിക്കോട്: മലേഷ്യയിലെ മുസ്ലിം സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കോഴിക്കോട് എത്തി സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അൻവർ ഇബ്രാഹിം നിലപാട് വ്യക്തമാക്കിയത്.പരമ്പരാഗത ധാരയിലുള്ള മതപണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരെന്നും അദ്ദേഹത്തിന്റെ പല നിലപാടുകളോടും യോജിപ്പുണ്ടെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. എന്നാൽ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഖുർആൻ, മതപാരമ്പര്യം, പ്രവാചകചരിത്രം എന്നിവ മനസ്സിലാക്കുന്നതിൽ വലിയ സംഭാവന നൽകിയ പരമ്പരാഗത പണ്ഡിതനാണ് കാന്തപുരമെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു. പല തരത്തിലും അദ്ദേഹം മികച്ച അധ്യാപകനാണ്. എന്നാൽ അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളും അംഗീകരിക്കണമെന്നില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.കാന്തപുരം നടത്തുന്ന നഴ്സിംഗ് കോളേജ് പോലുള്ള സ്ഥാപനങ്ങളെയും അൻവർ ഇബ്രാഹിം പരാമർശിച്ചു. അത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന സ്ത്രീകൾ പിന്നീട് ആശുപത്രികളിൽ ജോലി ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ടെന്ന് കാന്തപുരം നേരിട്ട് ചോദിച്ചാൽ പോലും താൻ പറയുമെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. മലേഷ്യൻ സർവകലാശാലകളിൽ സ്ത്രീ വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. തന്റെ ഭാര്യ മെഡിക്കൽ ഡോക്ടറാണെന്നും അദ്ദേഹം വ്യക്തമാക്കി.പെൺമക്കൾ ഉൾപ്പെടെയുള്ള തന്റെ കുട്ടികൾക്ക് പഠിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ടെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.അതേസമയം, നാളെ വൈകിട്ട് കോഴിക്കോട് എത്തുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മർകസ് സന്ദർശിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് മടവൂർ മഖാമും കോഴിക്കോട്ടെ സ്വകാര്യ വെൽനസ് കേന്ദ്രവും സന്ദർശിച്ച ശേഷമായിരിക്കും മടക്കം.




