തൃശ്ശൂർ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴൽപണം… ആരോപണം ഉന്നയിച്ച…

തൃശ്ശൂർ: ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം രൂപ കടത്തിയതായി ആരോപിച്ച മുൻ ജില്ലാ ഓഫീസ് ജീവനക്കാരൻ പാനേഴത്ത് അക്ഷയ്‌ക്കെതിരേ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി. ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബാണ് പരാതി നൽകിയത്. സ്വഭാവദൂഷ്യത്തിന്റെ പേരിൽ ജില്ലാ ഓഫീസിൽനിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് അക്ഷയ് എന്നും, അതിന്റെ പ്രതികാരം തീർക്കാനായി കള്ള ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ, ആരോപണത്തിനാധാരമായ ചിത്രങ്ങളും സംഭാഷണങ്ങളും വീഡിയോകളും അടക്കമുള്ള തെളിവുകൾ അക്ഷയ്യുടെ പക്കലുണ്ടെന്നും തക്കസമയത്ത് അവ പുറത്തുവിടുമെന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് മുൻപാകെ അക്ഷയ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട സംഭവത്തിലും ബി.ജെ.പി. ആരോപണ നിഴലിലായിരുന്നു. എന്നാൽ, ഈ കേസിൽ ബി.ജെ.പി.ക്കാർ ആരും പ്രതികളായിരുന്നില്ല. കവർച്ച ചെയ്യപ്പെട്ട പണത്തിൽ 1.38 കോടി കണ്ടെത്താനാകാതെ രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ച് അന്വേഷണം കേരള പോലീസ് പാതിവഴിയിൽ നിർത്തിയ മട്ടാണ്. ഇ.ഡി. ആകട്ടെ പണം തട്ടിക്കൊണ്ടു പോയതിൽ മാത്രം റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഇതിനുപുറമേ, 2021 ജൂലായിൽ കൊടുങ്ങല്ലൂരിൽ കള്ളനോട്ടും അച്ചടി യന്ത്രവുമായി രണ്ട് ബി.ജെ.പി. പ്രവർത്തകർ പിടിയിലായ കേസിലെ അന്വേഷണവും എങ്ങുമെത്തിയില്ല. അതിനിടെയാണ്, 2021-ലെ തിരഞ്ഞെടുപ്പുസമയത്ത് ചാക്കുകണക്കിന് പണം ജില്ലാ ഓഫീസിൽ എത്തിയെന്ന് കാണിച്ച് ബി.ജെ.പി.യുടെ മുൻ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് 2024 ഒക്‌ടോബറിൽ വെളിപ്പെടുത്തൽ നടത്തിയത്. ഈ വെളിപ്പെടുത്തലിലും തുടർ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാനമായ ആരോപണവുമായി അക്ഷയ് രംഗത്തെത്തിയിരിക്കുന്നത്.



