സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന് ഉദ്ദേശമുണ്ടോ?… നിതിൻ രാജ് കേസിൽ പോലീസിനെതിരെ ഹൈക്കോടതി

കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസ് പരിഗണിക്കുന്നതിനിടെ കോടതി മുറിയിലെ മൈക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥനെ ജഡ്ജി അതിരൂക്ഷമായി വിമർശിച്ചു. സുപ്രധാന കേസ് വരുമ്പോൾ എന്തിനാണ് ഓൺലൈൻ മൈക്ക് ഓഫ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഇടപെട്ട് മൈക്ക് തിരികെ ഓൺ ചെയ്യിപ്പിച്ചു. ചാനലുകൾ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന പ്രോസിക്യൂട്ടറുടെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നടപടി.

പോലീസ് തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണ മേൽനോട്ടമെന്താണെന്ന് അറിയാമോ എന്ന് ക്രൈംബ്രാഞ്ച് എസ്പിയോടും കോടതി ചോദിച്ചു. നടപടി എടുക്കരുതെന്ന് ഡിവൈഎസ്പി അപേക്ഷിച്ചെങ്കിലും, വീഴ്ചയിൽ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും കോടതി നിർദ്ദേശം നൽകുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും ഇതുകൊണ്ട് ഒരു പ്രതിയെയും രക്ഷിക്കാൻ ആകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. സർക്കാർ വിഷയം അന്വേഷിച്ച് നടപടി എടുത്തില്ലെങ്കിൽ കോടതി സ്വന്തമായി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി കൂട്ടിച്ചേർത്തു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാൻ എഡിജിപിയ്ക്ക് നിർദേശം നൽകിയ ഹൈക്കോടതി, ഹർജി കൂടുതൽ വാദങ്ങൾക്കായി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

Related Articles

Back to top button