രണ്ട് ദിവസമായി കാണാതായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

കൊച്ചി: കളമശ്ശേരി സീപോർട്ട്-എയർപോർട്ട് റോഡിന് സമീപം എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കളമശ്ശേരി കുടിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെയ്‌വേലി സ്വദേശി അണ്ണാദുരൈയുടെ മകൻ അരുൺരാജ് (28) ആണ് മരിച്ചത്. ദേഹത്ത് മുറിവുകൾ കണ്ടെത്തിയതിനാൽ കൊലപാതകമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. രണ്ട് ദിവസം മുൻപാണ് അരുൺരാജിനെ കാണാതായത്.

ഫോണിൽ വിളിച്ചപ്പോഴെല്ലാം റിങ് ചെയ്തിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടിൽ പോയതായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. ഇന്നലെ വൈകുന്നേരം അരുൺരാജിന്റെ മൊബൈൽ ഫോൺ ഒരാൾ എത്തിച്ച് നൽകിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം എച്ച്എംടി കാട്ടിനുള്ളിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ എത്തിച്ചുനൽകിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button