മണ്ണിനടിയിൽ മറഞ്ഞിരുന്ന 700 വർഷത്തെ രഹസ്യം…

പെരുമ്പാവൂർ: എ ഡി 13, 14 നൂറ്റാണ്ടുകളിൽ വേണാട് രാജ്യം പെരുമ്പാവൂർ പ്രദേശം വരെ വ്യാപിച്ചിരുന്നതിന് വ്യക്തമായ തെളിവായി അശമന്നൂരിൽ അപൂർവ്വ വീരക്കൽ ലിഖിതം കണ്ടെത്തി. അശമന്നൂരിലെ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിന് സമീപമുള്ള പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് ഈ ശിലാലിഖിതം കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ ചരിത്ര പൈതൃകം കണ്ടെത്തുന്നതിനുള്ള ‘ഡിസ്കവറി ഓഫ് ലോക്കൽ ഹിസ്റ്ററി’ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിനിടെ, പെരുമ്പാവൂർ ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്റർ ഡയറക്ടർ ഇസ്മായിൽ പള്ളിപ്രമാണ് ഭൂമിക്കടിയിലെ പാറയിൽ കൊത്തിയ ഈ ലിഖിതം കണ്ടെത്തുകയും പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തത്.
തമിഴ്നാടിനെയും കർണാടകത്തെയും അപേക്ഷിച്ച് കേരളത്തിൽ നിന്ന് വീരക്കൽ ലിഖിതങ്ങൾ അപൂർവമായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലെ മ്യൂസിയം ഓഫീസർ കെ. കൃഷ്ണരാജ് വ്യക്തമാക്കി. ലിപിശൈലിയുടെ അടിസ്ഥാനത്തിലാണ് ഈ ലിഖിതം 13-14-ാം നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നത്. തൃപ്പൂണിത്തുറ ഹിൽപാലസിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടർ ജനറൽ ഡോ. എം. ആർ. രാഘവവാരിയരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ലിഖിതം വായിച്ചു.“ർ…തിരുവടിയെ തിരുവടി കാപ്പുകൊണ്ട് വേണാട്ടു വീരൻ ചേകവൻ പട്ട നിലം” എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജാവിന്റെ അംഗരക്ഷകനായിരുന്ന വേണാട്ടിലെ വീരൻ ചേകൻ മരിച്ച സ്ഥലമാണ് ഇതെന്ന് ഇതിൽനിന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
രാജാവിന്റെ പേര് രേഖപ്പെടുത്തിയിരുന്ന ഭാഗം വീരക്കല്ലിൽ മാഞ്ഞുപോയിട്ടുണ്ടെന്നും, അതീവ ചരിത്ര മൂല്യമുള്ള ഈ ലിഖിതം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും ഡോ. എം.ആർ. രാഘവവാരിയർ അറിയിച്ചു.



