ഉന്നത പോലീസുകാർ പ്രതിയായ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് എസ്‌ഐടി

കൊച്ചി: മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എസ്‌ഐടി ഏറ്റെടുത്തു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ചാണ് നടപടി. പൂങ്കുഴലി ഐപിഎസിനാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതല. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സിഐ വിനോദ് എന്നിവരാണ് കേസിൽ പ്രതിസ്ഥാനത്തുള്ളത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ അതിജീവിതയുടെ മൊഴിയെടുപ്പ് പൂർത്തിയാക്കി.

12 മണിക്കൂറിലധികം സമയമെടുത്താണ് എസ്‌ഐടി അതിജീവിതയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. പ്രതികൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഓരോ പ്രതികൾക്കെതിരെയുമുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്പി സുജിത് ദാസിനെതിരായ കേസ് എസ്പി സി.എസ്. ഷാഹുൽ ഹമീദ് അന്വേഷിക്കും. ഡിവൈഎസ്പി വി.വി. ബെന്നിക്കെതിരായ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പീറ്റർ അന്വേഷിക്കും. സിഐ വിനോദിനെതിരായ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിജോ പി. ജോസഫ് അന്വേഷിക്കും.

2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് അതിജീവിത പൊന്നാനി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് അന്വേഷണത്തിനെത്തിയ സിഐ വിനോദ് വലിയാറ്റൂർ അതിജീവിതയുടെ വീട്ടിലെത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് ഡിവൈഎസ്പി വി.വി. ബെന്നിയും യുവതിയെ ആക്രമിച്ചു. ഇവർക്കെതിരെ പരാതി നൽകാൻ ചെല്ലുമ്പോഴാണ് മലപ്പുറം എസ്പി സുജിത് ദാസ് യുവതിയെ പീഡിപ്പിക്കുന്നത്. ഇതിനു പിന്നാലെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദർവേഷിനും യുവതി പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് സംഭവം വലിയ വാർത്തയാവുകയും മുൻ സിഐ വിനോദ് ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിച്ച കാര്യം യുവതി വെളിപ്പെടുത്തിയതോടെയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

Related Articles

Back to top button