നിങ്ങൾ പറയുന്നിടത്ത് ചർച്ച നടത്താം… പോരാട്ടത്തിന് മുന്നിൽ നിലപാട് തിരുത്തി കേന്ദ്രമന്ത്രി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാകുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. സമരക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ജെ.പി നദ്ദയുടെ ഓഫീസിലോ വസതിയിലോ അല്ലെങ്കിൽ സമരക്കാർ പറയുന്നിടത്തോ ചർച്ച നടത്താമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. സമരം ശക്തമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു. എൻഡിഎംസി ചെയർമാൻ്റെ നിർദ്ദേശപ്രകാരം കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30-ന് അടക്കാൻ പോലീസ് ആവശ്യപ്പെട്ടു. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി വിമാനമാര്‍ഗം 30 കമ്പനി അധികകേന്ദ്രസേനയെ കൂടി ദില്ലിയിൽ എത്തിച്ചു. 18 കമ്പനി സിആർപിഎഫ്, ആറ് കമ്പനി ആർഎഎഫ്, മൂന്ന് കമ്പനി ബിഎസ്എഫ്, രണ്ട് കമ്പനി എസ്എസ്ബി, ഒരു കമ്പനി ഐടിബിപി എന്നിവരടക്കം ആകെ 45 കമ്പനി സേനയെയാണ് ദില്ലിയിൽ വിന്യസിച്ചിരിക്കുന്നത്.
രാത്രിയിൽ പലയിടങ്ങളിലും പോലീസും സമരക്കാരും തമ്മിൽ സംഘർഷം പതിവാകുകയാണ്. സംഘർഷത്തിൽ പരിക്കേറ്റ ഛത്രപൂർ സ്വദേശി സാക്ഷിയുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ കുടുംബം പോലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി 20 അംഗം പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ഇന്നലെ രാത്രി നടന്ന സംഘർഷത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേൽക്കുകയും, ഒരു ദ്രുതകർമ്മസേന അംഗം വാൾ കൊണ്ട് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. പാർലമെന്റ് മാർച്ചിനിടെ സമരക്കാർ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ജന്തർമന്തറിൽ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്ക് നേരെയും സമരക്കാർ പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, സിജെപി സമരത്തിൽ വിദേശ ഫണ്ട് എത്തുന്നെന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് സമരമെന്ന് ആരോപിച്ച് അഖിലഭാരത ഹിന്ദു മഹാസഭയാണ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.



