ആലപ്പുഴയിലെ രക്ഷാപ്രവർത്തനം’ കേസിൽ വൻ ട്വിസ്റ്റ്…

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ സർക്കാർ വകുപ്പുതല നടപടി സ്വീകരിക്കും. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ എ. ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറി. ആഭ്യന്തര സെക്രട്ടറി വഴി റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നിലെത്തും. മുഖ്യമന്ത്രി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കൂടിയാലോചന നടത്തിയ ശേഷമാകും അന്തിമ നടപടി തീരുമാനിക്കുക.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത്കുമാർ ഇടപെട്ടെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. സസ്പെൻഡ് ചെയ്യുകയോ കുറ്റങ്ങൾ ചുമത്തി മെമ്മോ നൽകുകയോ ചെയ്താൽ ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മുടങ്ങും. അഗ്നിരക്ഷാസേനാ മേധാവി നിതിൻ അഗർവാൾ ഈ മാസം 31-ന് വിരമിക്കുകയാണ്. അതിനു മുൻപ് നടപടി വന്നില്ലെങ്കിൽ അജിത്കുമാറിന് ഡിജിപി റാങ്ക് ലഭിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. സർക്കാർ അനുമതി നൽകിയാൽ മാത്രമേ സ്ഥാനക്കയറ്റം ലഭിക്കൂ.

അതേസമയം, കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നു പറയുന്ന സമയത്ത് താൻ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന് ഡിജിപിക്കു നൽകിയ വിശദീകരണത്തിൽ അജിത്കുമാർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറിയിട്ടുണ്ട്. കേസ് ഡയറി തിരുത്താൻ ഓഫിസിലെ ഗ്രേഡ് എസ്ഐമാർക്കു നിർദേശം നൽകിയിട്ടില്ലെന്നും ഇയാൾ വ്യക്തമാക്കുന്നു. എന്നാൽ, വിഷയം കൈകാര്യം ചെയ്യുന്നതിൽ ഒരു കാലതാമസവും വന്നിട്ടില്ലെന്നും, താൻ ഏറ്റവുമധികം വിമർശനമുന്നയിച്ചിട്ടുള്ള വ്യക്തിയാണ് അജിത്കുമാറെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

Related Articles

Back to top button