സൂപ്പർ മാർക്കറ്റിൽ 62 ലക്ഷത്തിന്റെ കവർച്ച… മുൻ ജീവനക്കാരായ…

കൊച്ചി: തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പോലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എം.എ. സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് അറസ്റ്റിലായത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിൽ ബില്ലിങ് വിഭാഗത്തിൽ ജോലി ചെയ്തു വന്നിരുന്ന സനമോൾ, തുടർച്ചയായി കൗണ്ടറിൽ നിന്ന് തുക ചോർത്തി രഞ്ജുവിന് നൽകുകയായിരുന്നു എന്നാണ് കേസ്.
ഈ തുക മുഴുവൻ രഞ്ജുവിന്റെ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ബില്ലിങ്ങിൽ ക്രമക്കേട് നടക്കുന്നതായി സംശയം തോന്നിയ സൂപ്പർ മാർക്കറ്റ് ഉടമ ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വിവരം അറിഞ്ഞതോടെ സനമോൾ ഉടൻ തന്നെ വിദേശത്തേക്ക് കടന്നു. ഇതിനെ തുടർന്ന് പോലീസ് ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാൽ വിമാനത്താവളങ്ങൾ വഴിയുള്ള പരിശോധന ഭയന്ന് നേപ്പാൾ വഴിയാണ് സനമോൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇവർ കൊച്ചിയിൽ തിരിച്ചെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അതിവേഗം ഇടപെടുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



