കേരളീയ ഉൽപ്പന്നങ്ങൾക്ക് ഇനി ആഗോള വിപണി… സർക്കാരുമായി കൈകോർത്ത് ഫ്ലിപ്പ്കാർട്ട്

തിരുവനന്തപുരം: കേരളത്തിലെ പ്രാദേശിക ഉൽപ്പന്നങ്ങൾ അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ എത്തിക്കാൻ വൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പ്രമുഖ ഇ-കോമേഴ്സ് ഭീമനായ ഫ്ലിപ്പ്കാർട്ടുമായി (Flipkart) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതോടെ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) എളുപ്പത്തിൽ വിദേശ വിപണികളിലേക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലിപ്പ്കാർട്ടിന്റെ മാതൃകമ്പനിയായ വാൾമാർട്ടിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

നേരത്തെ കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ ‘വൃദ്ധി’ സ്കീമിന്റെ മാതൃകയിലാണ് കേരളത്തിലും ഇത് നടപ്പിലാക്കുക. പദ്ധതി സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഫ്ലിപ്പ്കാർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. പദ്ധതിയിലേക്ക് യോഗ്യരായ സംരംഭകരെ കണ്ടെത്താൻ മാത്രമാണ് സർക്കാർ സഹായിക്കുക. പരിശീലനം അടക്കമുള്ള മറ്റ് പൂർണ്ണ ചെലവുകളും ഫ്ലിപ്പ്കാർട്ട് തന്നെയായിരിക്കും വഹിക്കുന്നത്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വിവിധ സംരംഭകത്വ വികസന മിഷനുകളുടെ ഭാഗമായിട്ടായിരിക്കും ഇതിന്റെ പ്രവർത്തനം. പദ്ധതിയുടെ ഭാഗമായി സംരംഭകർക്കും തൊഴിലാളികൾക്കും ഡിജിറ്റൽ ബിസിനസ്, ഓൺലൈൻ വിപണനം, പാക്കിംഗ്, ബ്രാൻഡിംഗ്, വിദേശ വിപണിയിലെ നിയമങ്ങൾ എന്നിവയിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകും. കൂടാതെ രാജ്യത്തിനുള്ളിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഫ്ലിപ്പ്കാർട്ട് പ്ലാറ്റ്‌ഫോം വഴി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button