സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം… 7 കുട്ടികൾക്കും ഡ്രൈവർക്കും…..

കാസർകോട് നഗരത്തിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. നഗരത്തിലെ മാർക്കറ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. കാസർകോട് ഗവൺമെന്റ് യു.പി സ്കൂൾ, മഡോണ എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെയും ഡ്രൈവറെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയിൽ കുട്ടികളെ പരിധിയിൽ കൂടുതൽ കുത്തിനിറച്ച് കൊണ്ടുപോയതും അമിത വേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഓട്ടോയിലെ സാധാരണ സീറ്റിന് പുറമേ മറ്റൊരു തട്ട് കൂടി നിർമ്മിച്ച് അതിലാണ് കുട്ടികളെ ഇരുത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം അമിതവേഗതയിലായിരുന്നെന്നും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ കുട്ടികൾക്ക് പുറമേ കൂടുതൽ പേർ അപകട സമയത്ത് ഓട്ടോയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.


