വാട്ടർ അതോറിറ്റി കാന്റീനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം….

കണ്ണൂർ താണയിലുള്ള വാട്ടർ അതോറിറ്റി കാന്റീനിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. മരിച്ചയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാൾ ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ കാന്റീൻ പരിസരത്ത് സ്ഥിരമായി കാണാറുണ്ടായിരുന്നതായി വിവരമുണ്ട്.
കഴിഞ്ഞ മൂന്നു ദിവസമായി കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്ന് പരിശോധിച്ചപ്പോഴാണ് വർക്ക് ഏരിയയിൽ മൃതദേഹം കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനുമായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇത് സ്വാഭാവിക മരണമാണോ അതോ സംഭവത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും ദുരൂഹതകളുണ്ടോ എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



