എ.ഐ ക്യാമറകൾ ഓഫാണെന്ന് കരുതി വണ്ടി വിട്ടാൽ പണി കിട്ടും…

തിരുവനന്തപുരം: എ.ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തടസ്സമില്ലാതെ തുടരുമെന്ന് മന്ത്രി സി.പി. ജോൺ. എ.ഐ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കേണ്ടതുണ്ടോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമായി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയാൽ ഉടൻ തന്നെ കർശന നടപടിയുണ്ടാകും. പണം നൽകി ട്രാൻസ്ഫർ വാങ്ങുന്ന പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചാൽ ഉടനടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.വൈ.എഫ്.ഐ നടത്തുന്ന ഭക്ഷണ വിതരണത്തെക്കുറിച്ച് പരാമർശിക്കവെ, വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് മന്ത്രി പറഞ്ഞു. തന്റെ വീട്ടിൽ നിന്നും ഭക്ഷണം നൽകാറുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയായ രീതിയില്ല. അങ്ങനെ രാഷ്ട്രീയവൽക്കരിക്കാതിരിക്കേണ്ടത് ഭക്ഷണം നൽകുന്നവരുടെ ഉത്തരവാദിത്തമാണ് എന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയും മന്ത്രി രംഗത്തെത്തി. തേക്കിൻകാട് ഒരു പൊതുസ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനങ്ങൾ തടയുന്നത് ശരിയായ നിലപാടല്ലെന്നും മന്ത്രി സി.പി. ജോൺ അഭിപ്രായപ്പെട്ടു.



