ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്തല്ല… DYFI യുടെ പൊതിച്ചോറ് വിതരണം ലോക റെക്കോർഡ്…

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന ഭക്ഷണ വിതരണം ലോക റെക്കോർഡാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. ദിനംപ്രതി നാലായിരത്തോളം ആളുകൾക്കാണ് ഇവിടെ ഡി.വൈ.എഫ്.ഐ ഭക്ഷണം നൽകുന്നത്. മറ്റേതെങ്കിലും സംഘടനയ്ക്ക് ഇത് ചെയ്യാൻ കഴിയുമോയെന്ന് ചോദിച്ച അദ്ദേഹം, മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോയെന്നും ആരാഞ്ഞു. ആരോഗ്യമന്ത്രി തന്റെ പ്രസ്താവന പിൻവലിച്ചതുകൊണ്ട് മാത്രം കാര്യമായില്ലെന്നും വിഷയത്തിൽ ഖേദം പ്രകടിപ്പിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

“ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്തല്ല. ഭക്ഷണം വിതരണം ചെയ്യാൻ മന്ത്രിയുടെ സഹായം വേണ്ട. ആശുപത്രിയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്,” ശിവൻകുട്ടി പറഞ്ഞു. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഫ്ലക്‌സ് വെച്ചും ‘അന്നം മുടക്കികൾ കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യമുയർത്തി ബാനർ സ്ഥാപിച്ചുമാണ് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം നടത്തിയത്. ഡി.വൈ.എഫ്.ഐ കോവിൽവിള യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വി. ശിവൻകുട്ടി നേരിട്ടെത്തി പൊതിച്ചോറ് വിതരണം ചെയ്തു.

പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശത്തിനെതിരെ ഇടത് സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം കനത്തതോടെ മന്ത്രി തൻ്റെ നിലപാടിൽ വ്യക്തത വരുത്തി രംഗത്തെത്തി. താൻ ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ വെച്ച് ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തിയതിനെ മാത്രമാണ് ചോദ്യം ചെയ്തതെന്നും കമ്മ്യൂണിറ്റി കിച്ചൻ അടക്കം തുടങ്ങുന്നത് ആലപ്പുഴയുടെ മാത്രം തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ആശുപത്രികളിൽ നിന്നോ ജില്ലകളിൽ നിന്നോ ഇത്തരം പരാതികൾ ഉയർന്നിട്ടില്ലെന്നും ജനരോഷത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ മുരളീധരൻ വ്യക്തമാക്കി.

Related Articles

Back to top button