കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം: ആർ. ശ്രീലേഖയ്ക്കെതിരേ ഗുരുതര ആരോപണവുമായി…

കൊച്ചി: പാലക്കാട് കൊല്ലങ്കോട് പതിനൊന്നുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ, അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയ്ക്കെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവൻ രംഗത്ത്. കേസിന്റെ ചോദ്യം ചെയ്യലിനിടെ ഉണ്ടായ മാനസിക പീഡനം മൂലമാണ് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തതെന്നാണ് അമ്മാവൻ വെളിപ്പെടുത്തിയത്.
വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ്, കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിടാനും പുനരന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് കേസിൽ മുൻപ് നടന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കുടുംബം തുറന്നു പറഞ്ഞിരിക്കുന്നത്. 2010-ലാണ് കുടുംബ കലഹത്തെ തുടർന്ന് സഹോദരി ഭർത്താവിന്റെ വീട്ടിൽ നിന്ന് പിണങ്ങി മകളടക്കം രണ്ട് കുട്ടികളുമായി തങ്ങളുടെ വീട്ടിലേക്ക് വരുന്നതെന്ന് അമ്മാവൻ പറയുന്നു. ഭർത്താവിന്റെ വീട്ടിൽനിന്ന് ശാരീരിക മർദ്ദനമേറ്റ് വളരെ മോശം മാനസികാവസ്ഥയിലായിരുന്നു സഹോദരി എത്തിയത്. വീട്ടിലെത്തി സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് മകളുടെ മരണം സംഭവിച്ചത്. ഇതോടെ സഹോദരിയുടെ അവസ്ഥ വീണ്ടും മോശമായി.
തുടർന്ന് കൊല്ലങ്കോട് മുതൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ നിരവധി സ്റ്റേഷനുകളിൽ ഇടവിട്ടുള്ള ദിവസങ്ങളിൽ വിളിപ്പിച്ച് പോലീസ് ഇവരെ ചോദ്യം ചെയ്തു. എറണാകുളത്ത് വെച്ച് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഐപിഎസ് മേഡം നടത്തിയ ചോദ്യം ചെയ്യലിലാണ് സഹോദരി പൂർണ്ണമായും തകർന്നുപോയതെന്ന് അമ്മാവൻ ആരോപിക്കുന്നു. വളരെ മോശമായി പെരുമാറിയ അവർ, മകളെ കൊലപ്പെടുത്തിയത് അമ്മയാണെന്നും അതിന് കൂട്ടുനിന്നുവെന്നും വരെ പറഞ്ഞു. അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്ന തരത്തിലായിരുന്നു മാരകമായ ചോദ്യം ചെയ്യൽ. ഇതോടെ സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാൻ കഴിയാത്ത വിധം മാനസികനില തെറ്റിയ സഹോദരി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ വേദനകൾ ഒന്നും ആരോടും പറയാൻ പറ്റിയിരുന്നില്ലെന്നും അമ്മാവൻ അഭിമുഖത്തിൽ വ്യക്തമാക്കി.
ഇന്നും ചുരുളഴിയാതെ നിഗൂഢമായി തുടരുന്നതാണ് ഈ പതിനൊന്നുകാരിയുടെ മരണം. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ മുറുകി പെൺകുട്ടി മരിച്ചു എന്നായിരുന്നു അന്നത്തെ വാർത്തകൾ. തുടർന്ന് ഇത് ആത്മഹത്യയാണെന്ന് പോലീസ് റിപ്പോർട്ട് എഴുതിയെങ്കിലും പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. മരണപ്പെടുന്നതിന് മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ജനനേന്ദ്രിയത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. സ്വകാര്യഭാഗത്ത് ബീജത്തിന്റെ സാന്നിദ്ധ്യവും പോസ്റ്റ്മോർട്ടത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും കേസ് ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണ് പോലീസ് ശ്രമിച്ചത്. ഒടുവിൽ ‘അൺ ഡിറ്റക്ടഡ്’ എന്ന ക്ലോഷർ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്.
അമ്മാവന്റെ വീട്ടിലെത്തി മൂന്നാം മാസത്തിലാണ് കുട്ടി മരിക്കുന്നത്. കുട്ടിയുടെ മറ്റൊരു അമ്മാവനും അടുത്ത ബന്ധുവുമാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. 10 വർഷത്തിലേറെയായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിയാത്ത ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.



