മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച സംഭവം…. പെൺകുട്ടിയുടെ പിതാവിന്…

തിരുവനന്തപുരം: 13 കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ അടിച്ചൊടിച്ച പിതാവിന് ജാമ്യം. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്. അതേസമയം, നിലവിൽ ആശുപത്രിയിൽ കഴിയുന്ന, കുട്ടിയോട് അതിക്രമം കാണിച്ച പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പിതാവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടുകൂടിയായിരുന്നു പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. നിലവിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കുട്ടിയുടെ കുടുംബം. സംഭവദിവസം വീട്ടിൽ ആളില്ലാത്ത സമയം നോക്കി, അയൽവാസിയായ 40-കാരൻ കുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് അവിടെയെത്തിയ കുട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയം സ്ഥലത്തെത്തിയ പിതാവ് ക്രൂരത നേരിൽ കാണുകയും, ഉറക്കെ വിളിച്ചുപറഞ്ഞ് പ്രതിയുടെ പിടിയിൽ നിന്ന് മകളെ രക്ഷിക്കുകയുമായിരുന്നു. തുടർന്നാണ് അവിടെ കിടന്ന തടിക്കഷണം എടുത്ത് പ്രതിയുടെ കാൽ അടിച്ചൊടിച്ചത്.
എന്നാൽ, മുൻ വൈരാഗ്യത്താൽ തന്നെ മർദ്ദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ പിതാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. പിതാവിന്റെ അറസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇപ്പോൾ ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.



