സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ, മൂന്ന് ദിവസത്തിനകം ശക്തിപ്രാപിക്കും

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപമാണ് രൂപപ്പെട്ടത്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി വെള്ളിയാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനെ തുടർന്ന് തിങ്കളാഴ്ച വരെ നേരിയ/ ഇടത്തരം മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കിമീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു..



