ഹൃദികയുടെ വിശപ്പ് പുറത്തിറങ്ങി.. യുദ്ധവും പട്ടിണിയും…

മാവേലിക്കര: യുദ്ധത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ബാക്കിപത്രമായ മരണവും പട്ടിണിയും, അവ മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്ന കഠിനമായ ദുരിതങ്ങളും ആസ്പദമാക്കിയാണ് ഹൃദിക ആ കഥ രചിച്ചിരിക്കുന്നത്. സമകാലിക ലോക സാഹചര്യങ്ങളിൽ ഏറെ പ്രസക്തമായ ഈ പ്രമേയം “വിശപ്പ്” എന്ന ചെറുകഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നത് മാവേലിക്കര കണ്ടിയൂർ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഹൃദിക കൊച്ചു മിടുക്കിയാണ്.
വായനാദിനാചരണത്തിന്റെ ഭാഗമായി ഹൃദിക രചിച്ച വിശപ്പ് എന്ന ചെറുകഥയുടെ പ്രകാശനം സംഘടിപ്പിച്ചു. അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. കെ. സുരേഷ് കുമാർ കുറത്തികാട് കഥയുടെ പകർപ്പ് മുൻ ഹെഡ്മിസ്ട്രസ് പ്രിയക്ക് നൽകി പ്രകാശനം ചെയ്തു. കണ്ടിയൂർ സ്വദേശികളായ ഹരികുമാർ–സ്മിത ദമ്പതികളുടെ മകളാണ് ഹൃദിക. വിദ്യാർത്ഥികളിൽ വായനയും സർഗാത്മക എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് വേറിട്ടൊരു അനുഭവമായി മാറി. സ്കൂൾ ഹെഡ്മാസ്റ്റർ ലേഖാ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആൽബിൻ സ്വാഗതവും മുൻ സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.




