എൻഎസ്എസിന്റെ തണലിൽ വളർന്ന കുടുംബം… സദാചാര വിരുദ്ധൻ… ഗണേഷിനെതിരെ…

കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കൊട്ടാരക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ. എൻഎസ്എസ് പ്രസ്ഥാനത്തെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പരസ്യമായി വിമർശിച്ച ഗണേഷ് കുമാറിനെതിരെ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. യൂണിയൻ അംഗം ജി. തങ്കപ്പൻ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. എൻഎസ്എസിന്റെ തണലിലും പിന്തുണയിലും അധികാരസ്ഥാനങ്ങളിലെത്തിയ കുടുംബമാണ് ആർ. ബാലകൃഷ്ണപിള്ളയുടേതെന്നും പ്രമേയത്തിൽ ആരോപിക്കുന്നു.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള ജയിലിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ആശ്വാസമായത് ജി. സുകുമാരൻ നായരുടെ ഇടപെടലുകളായിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുന്നതിൽ സുകുമാരൻ നായർ പ്രധാന പങ്കുവഹിച്ചെന്നും പ്രമേയത്തിൽ ആരോപണമുണ്ട്. ഗണേഷ് കുമാർ സദാചാരവിരുദ്ധമായും സംസ്കാരശൂന്യമായും പ്രവർത്തിച്ചെന്നാണ് പ്രമേയത്തിലെ മറ്റൊരു ആരോപണം. കഴിഞ്ഞ മൂന്ന് വർഷം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ അംഗമായിരിക്കെ സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിക്കുകയും ആരാധന നടത്തുകയും ചെയ്തുവെന്നും പ്രമേയത്തിൽ പറയുന്നു. ഇത്തരം നടപടികളാണ് പത്തനാപുരത്തെ അദ്ദേഹത്തിന്റെ പരാജയത്തിന് കാരണമെന്നും ഇക്കാര്യം പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും പ്രമേയം അവകാശപ്പെടുന്നു. സംഘടനയുടെ ദൈവീകത കൊണ്ടാണ് ഗണേഷ് കുമാർ ഉന്നതാധികാര സമിതിയിൽനിന്ന് പുറത്തായതെന്നും പ്രമേയത്തിൽ പരാമർശമുണ്ട്.
പത്തനാപുരം താലൂക്ക് യൂണിയന്റെ ഭരണം എൻഎസ്എസ് ആസ്ഥാനം ഏറ്റെടുക്കേണ്ടിവന്ന സാഹചര്യം ഗണേഷ് കുമാർ വികലമായി ചിത്രീകരിക്കുകയാണെന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ ആരോപിച്ചു. സമുദായത്തെയും നേതൃത്വത്തെയും അവഹേളിക്കുന്ന ഗണേഷ് കുമാറിന് എൻഎസ്എസ് കരയോഗത്തിൽ അംഗമായി തുടരാൻ അവകാശമില്ലെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്കിലെ 150 കരയോഗങ്ങളും എൻഎസ്എസ് നേതൃത്വത്തിനും ജി. സുകുമാരൻ നായർക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും യൂണിയൻ അറിയിച്ചു. ഗണേഷ് കുമാറിനെപ്പോലെയുള്ളവർ എൻഎസ്എസിനെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും താലൂക്ക് യൂണിയൻ വ്യക്തമാക്കി.




