30 രൂപയ്ക്ക് പെട്രോൾ നൽകിയില്ല….പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു…യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കുറ്റിച്ചൽ കുഴിയൻകോണം റസാഖ് മൻസിലിൽ അബ്ദുൽ റസാഖ് (21) കോട്ടൂർ കൊട്ടാരത്തുനട വിശ്വകർമ ഭവനിൽ ആകാശ് (21, കുറ്റിച്ചൽ വലിയവിള ലക്ഷംവീട്ടിൽ അനീഷ് (19) എന്നിവരെയാണ് നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ പമ്പ് ജീവനക്കാരനായ അനിൽകുമാർ (52) ആണ് ആക്രമണത്തിനിരയായത്.

പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ മൂന്ന് പേരുമായി പെട്രോൾ അടിച്ച തുകയെച്ചൊല്ലി തർക്കമുണ്ടായതാണ് അക്രമത്തിൽ കലാശിച്ചത്. കുറ്റിച്ചലിലെ പമ്പിലേക്ക് ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് പെട്രോൾ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. ഇതിൽ ഒരാൾ ജീവനക്കാരനെ പിടിച്ച് തള്ളി. 30 രൂപയ്ക്ക് പെട്രോൾ ചോദിച്ച യുവാക്കളോട്, പമ്പിൽ പെട്രോൾ നൽകുന്ന കുറഞ്ഞ തുക വ്യക്തമാക്കിയതാണ് പ്രകോപനം. ഇതേത്തുടർന്ന് വാക്കുതർക്കമുണ്ടാവുകയും യുവാവ് അനിൽകുമാറിനെ ആക്രമിക്കുകയുമായിരുന്നു. അനിൽ കുമാർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ മറ്റുള്ളവർ എത്തി രംഗം ശാന്തമാക്കി. ഇതോടെ യുവാക്കൾ മടങ്ങിപ്പോവുകയും ചെയ്തു‌. പിന്നീട് അനിൽ കുമാർ ജോലി കഴിഞ്ഞ് മടങ്ങിയപ്പോൾ കുറ്റിച്ചൽ ജംഗ്ഷനിൽവെച്ച് ബൈക്കിലെത്തിയ ഇവർ ആക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button