ദേശീയപാത വിഷയങ്ങളിൽ സുപ്രധാന ഇടപെടലുമായി കെ സി വേണുഗോപാൽ എംപി

ആലപ്പുഴ: ദേശീയപാത വികസനത്തിൻറെ ഭാഗമായി പാതയോരങ്ങളിലെ വീടുകളിൽ മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടാകുന്നത് തടയാൻ ദേശീയപാത അതോറിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ എംപി നിർദ്ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദിശ കോ-ചെയർമാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും സന്നിഹിതനായിരുന്നു.

ദേശീയപാത നിർമ്മാണം തുടങ്ങുന്നതിന് മുൻപ് സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ശാസ്ത്രീയമായ പദ്ധതികൾ തയ്യാറാക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. പാതയോരങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓട സംവിധാനം കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു. കായംകുളത്ത് ഉയരപ്പാത (എലവേറ്റഡ് ഹൈവേ) നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണം. ഇതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ല. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എൻ.എച്ച്.എ.ഐ ചെയർമാനുമായി ഉടൻ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ ലോൺ ഉറപ്പാക്കണമെന്നും ഇതിൽ കാലതാമസം വരുത്തരുതെന്നും എം.പി പറഞ്ഞു. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ എത്ര വിദ്യാർഥികൾക്ക് ഇതുവരെ വിദ്യാഭ്യാസ ലോൺ അനുവദിച്ചിട്ടുണ്ടെന്നതിനെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ ലീഡ് ബാങ്ക് മാനേജറോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ എത്ര കയർ-മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുദ്ര ലോൺ അനുവദിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും സമർപ്പിക്കണം.

Related Articles

Back to top button