‘സലിം കുമാറിനെ പോലെ ഒരുപാട് പേരുണ്ടിവിടെ; പ്രതിമ ഉണ്ടാക്കിയതു കൊണ്ട് ഭാവിതലമുറയ്ക്ക് എന്ത് ഗുണം ?’

അന്തരിച്ച നടൻ സലിം കുമാറിന്റെ ഓർമയ്ക്കായി സ്മാരകം നിർമിക്കുമെന്ന് ബഡ്ജറ്റിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. അത് നല്ല കാര്യമാണെങ്കിലും അതുപോലെ അർഹതപ്പെട്ട ഒരുപാട് കലാകാരൻമാർ ഇവിടെയുണ്ടെന്ന് സംവിധായകൻ കമൽ പറഞ്ഞു. ജോൺസന്റെ പേരിൽ മ്യൂസിക് അക്കാദമി വരുമ്പോൾ തന്നെ ജയചന്ദ്രനെ തഴയുന്ന അവസ്ഥയുണ്ടാകുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.ഓരോ സ്ഥലത്തും ഓരോ സ്മാരകങ്ങൾ ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “സലിം കുമാറിന് സ്മാരകം ഉണ്ടാക്കുന്നുവെന്ന കാര്യം ഇത്തവണത്തെ ബഡ്ജറ്റിലുണ്ട്. നല്ല കാര്യം. സലിമിനെപ്പോലെയുള്ള ഒരാൾക്ക് ഇവിടെ സ്മാരകം ഉണ്ടാകേണ്ടത് തന്നെയാണെന്ന് നമുക്കെല്ലാവർക്കുമറിയാം. പക്ഷേ അതുപോലെ ഒരുപാട് പേരുണ്ട്.
നമ്മുടെ വിഖ്യാത ഗായകൻ ജയചന്ദ്രന്റെ പേരിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല. ജോൺസന്റെ പേരിൽ മ്യൂസിക് അക്കാദമി വരുമ്പോൾ തന്നെ ജയേട്ടനെ തഴയുന്ന അവസ്ഥയുണ്ടാകുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ കാര്യമെടുത്താൽ തന്നെ നെടുമുടി വേണു, ശ്രീനിവാസൻ അങ്ങനെ ഒരുപാട് പ്രമുഖരായിട്ടുള്ള വ്യക്തികളുണ്ട്. തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പിജെ ആന്റണി.
പിജെ ആന്റണിയുടെ പേരിൽ പോലും സ്മാരകം ഇല്ല എന്നുള്ളതാണ്. ഓരോ സ്ഥലത്തും ഓരോ സ്മാരകങ്ങൾ ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി ഭാവിതലമുറയ്ക്ക് ഇങ്ങനെയൊരു പ്രതിമ ഉണ്ടാക്കിയതു കൊണ്ട് എന്ത് ഗുണം എന്നൊരു ചോദ്യം കൂടിയുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ നിർമിച്ചിരുന്നു.
എന്നാൽ അവയുടെ ഇപ്പോഴത്തെ പ്രവർത്തനം എന്താണെന്ന് അറിയില്ല, ബഡ്ജറ്റിൽ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. അത് തുടരുന്നുണ്ടോ അതോ നിർത്തിവെച്ചിരിക്കുകയാണോ എന്ന് വ്യക്തമല്ല. രണ്ടോ മൂന്നോ ജില്ലകളിൽ മാത്രമാണ് അത് പൂർണമായിട്ടുള്ളത് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിക്ക് മുന്നിൽ ഒരു പ്രൊപ്പോസൽ വച്ചിട്ടുണ്ടായിരുന്നു.
അന്ന് ചാലക്കുടിയിൽ കലാഭവൻ മണിയുടെ സ്മാരകവും ചിറയിൻകീഴിൽ പ്രേം നസീറിന്റെ സ്മാരകവും ഒക്കെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോഴാണ് ഞാൻ ഈ ആശയം മുന്നോട്ടുവെച്ചത്. കലാകാരന്മാർക്കായി ഓരോ സ്ഥലത്തും വെവ്വേറെ സ്മാരകങ്ങൾ ഉണ്ടാക്കുന്നതിന് പകരം, എല്ലാവർക്കും കൂടി ഒരുമിച്ച് ഒരു വലിയ സ്മാരകം ഉണ്ടാക്കുക എന്നതായിരുന്നു അത്.
തുഞ്ചൻപറമ്പിൽ പോയാൽ ഒരുപാട് സാഹിത്യകാരന്മാരെക്കുറിച്ച് അറിയാൻ സാധിക്കുന്നത് പോലെ, പുതിയ കാലഘട്ടത്തിലെ കുട്ടികൾക്ക് വിർച്വൽ പ്ലാറ്റ്ഫോമിലൂടെ എല്ലാ കലാകാരന്മാരെയും കുറിച്ച് മനസ്സിലാക്കാൻ പറ്റുന്ന ഒരു കേന്ദ്രം ഉണ്ടാകണം. ചിത്രാഞ്ജലി പോലെ സർക്കാരിന്റെ കീഴിൽ സ്ഥലമുള്ള ഒരിടത്ത് ഇത് ചെയ്യാവുന്നതാണ്.
ഇപ്പോൾ ജെ സി ഡാനിയേലിന്റെ പേരിൽ ഇവിടെ ചലച്ചിത്ര സ്ഥാപനം ഉണ്ടാകുന്നത് വലിയ കാര്യമാണ്. അങ്ങനെയുള്ള ഒരു വലിയ വേദിയിൽത്തന്നെ അന്തരിച്ച എല്ലാ മഹാൻമാരായ സംവിധായകരുടെയും അഭിനേതാക്കളുടെയും സ്മാരകങ്ങൾ ഒരുക്കാം. രാമു കാര്യാട്ടിന്റെ പേരിൽ ഒരു സ്മാരകമോ പ്രതിമയോ പോലുമില്ല. കെ എസ് സേതുമാധവൻ ഉൾപ്പെടെ ഒരുപാട് പേർ മരിച്ചുപോയി, വയലാറിന്റെ പേരിൽ ഒരു പ്രതിമയുണ്ടെന്നതല്ലാതെ മറ്റൊന്നുമില്ല.
യൂറോപ്പിലൊക്കെ പോയാൽ ഒട്ടനവധി കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും രാഷ്ട്രീയക്കാരുടെയും പ്രതിമകളും ഓർമകളും ഒരുമിച്ച് ഒരിടത്ത് വച്ചിരിക്കുന്നത് കാണാം. പ്രതിമകൾ തന്നെ വേണമെന്നില്ല. പുതിയ സാങ്കേതികവിദ്യയും വിർച്വൽ ദൃശ്യങ്ങളും ഉപയോഗിച്ച് ഒരു വലിയ കേന്ദ്രം ഒരുക്കിയാൽ അതൊരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറും, ഒരുപാട് വിനോദസഞ്ചാരികളെ ആകർഷിക്കും.
ഇക്കാര്യം ഞാൻ കഴിഞ്ഞ തവണ നടന്ന സിനിമ കോൺക്ലേവിലും അന്നത്തെ സാംസ്കാരിക മന്ത്രിയോടും അവതരിപ്പിച്ചതാണ്, പക്ഷേ അത് എങ്ങും എത്തിയില്ല. പുതിയ സർക്കാർ ഇതിനെക്കുറിച്ച് ആലോചിക്കണം. അങ്ങനെയാണെങ്കിൽ ഇവരുടെ സ്മാരകം ഉണ്ടാക്കിയില്ല, അവരുടെ സ്മാരകം ഉണ്ടാക്കിയില്ല എന്നുള്ള പരാതികൾ ആർക്കും ഉണ്ടാവില്ല. ഇത് സാഹിത്യകാരന്മാരുടെ കാര്യത്തിലും ചെയ്യാവുന്നതാണ്.
ഉദാഹരണത്തിന് കോഴിക്കോട് പോലെയുള്ള സ്ഥലങ്ങളിൽ ‘ഭാഷാ നഗരി’ എന്ന രീതിയിൽ സാഹിത്യകാരന്മാർക്കായി ഇത്തരം ഒരു ബൃഹത് പദ്ധതി ആലോചിക്കാം. അതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയാൽ അടുത്ത തലമുറയ്ക്ക് അതൊരു വലിയ ഗുണമാകും.
ഒപ്പം, സിനിമ ഒരു വ്യവസായമായി മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ ഞാൻ പൂർണമായും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അത്തരം നല്ല കാര്യങ്ങൾ ഇവിടെ ഉണ്ടാകട്ടെ എന്നതിൽ യാതൊരു സംശയവുമില്ല”. -കമൽ പറഞ്ഞു.



