കീം ഫലപ്രഖ്യാപനം ഇന്നില്ല…. മാർക്ക് സമർപ്പിക്കാൻ കൂടുതൽ സമയം… ജൂൺ 26-ന്….

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന കീം (KEAM) പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയ പരീക്ഷാ ഫലം കഴിഞ്ഞ ദിവസം രാത്രിയോടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഗണിച്ചാണ് ഫലപ്രഖ്യാപനം ഈ മാസം 26-ലേക്ക് മാറ്റിവെച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു.

സിബിഎസ്ഇ റീവാല്യൂവേഷൻ ഫലം വൈകിയതിനെ തുടർന്ന് മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് കർശന നിർദേശം നൽകുകയായിരുന്നു.

എല്ലാ വിഭാഗം വിദ്യാർഥികൾക്കും തുല്യമായ അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. സിബിഎസ്ഇ റീവാല്യൂവേഷൻ മാർക്ക് കൂടി ഓൺലൈനായി സ്വീകരിച്ച്, അത് കൂടി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് കൃത്യമായി പുനക്രമീകരിച്ച ശേഷമായിരിക്കും ജൂൺ 26-ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. മാർക്ക് അപ്‌ലോഡ് ചെയ്യേണ്ട പുതിയ സമയക്രമം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ഉടൻ ലഭ്യമാകും.

Related Articles

Back to top button