ടാർപ്പായ കെട്ടിയ ജീവിതത്തിന് അവസാനം വിചിത്ര ഉത്തരവ്….

പാലക്കാട്: നഗരസഭയുടെ വിചിത്രമായ സ്റ്റോപ്പ് മെമ്മോ കാരണം വയോധികന് തകർന്ന വീട് ശരിയാക്കാൻ കഴിയാതെ പോയ സംഭവത്തിൽ ഒടുവിൽ അധികൃതരുടെ ഇടപെടൽ. വടക്കന്തറ സ്വദേശി കേശവാനന്ദന്റെയും കുടുംബത്തിന്റെയും ദുരവസ്ഥയിൽ അടിയന്തരമായി ഇടപെട്ട് പരാതി ഉടൻ പരിഹരിക്കുമെന്ന് പാലക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ സ്മിതേഷ് അറിയിച്ചു.

മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചായിരുന്നു കേശവാനന്ദന്റെ തകർന്ന വീടിന്റെ മേൽക്കൂര ശരിയാക്കുന്നത് നഗരസഭ അധികൃതർ തടഞ്ഞത്. എന്നാൽ, തകർന്ന വീട്ടിലെ ഓട് മാറ്റി സ്ഥാപിക്കാൻ ആരുടെയും പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ചെയർമാൻ സ്മിതേഷ് വ്യക്തമാക്കി. വയോധികന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ തെറ്റായ വിവരം നൽകി സ്റ്റോപ്പ് മെമ്മോ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മഴയിലാണ് കേശവാനന്ദന്റെ വീടിന്റെ ഒരു ഭാഗത്തെ മേൽക്കൂര പൂർണ്ണമായും തകർന്നത്. നിലവിൽ മഴ തുടരുന്ന സാഹചര്യത്തിൽ തകർന്ന മേൽക്കൂരയിൽ ടാർപ്പായ വലിച്ച് കെട്ടിയാണ് ഈ കുടുംബം ഭീതിയോടെ കഴിഞ്ഞിരുന്നത്. എത്രയും പെട്ടെന്ന് വീട് നന്നാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മാധ്യമ ഇടപെടലിനെ തുടർന്ന് നഗരസഭ നിലപാട് മാറ്റിയതോടെ വലിയ ആശ്വാസത്തിലാണ് കേശവാനന്ദനും കുടുംബവും.

Related Articles

Back to top button